NEWSSports

ഐഎസ്എൽ പത്താം പതിപ്പ്; ഇത്തവണയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം പൂവണിയുമോ ?

കൊച്ചി: ഐഎസ്എൽ പത്താം പതിപ്പിൽ കിരീടത്തില്‍ കുറഞ്ഞതൊന്നും കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ ആഗ്രഹിക്കില്ല.മൂന്നുതവണ റണ്ണറപ്പായതാണ് ചരിത്രം.പക്ഷേ, എളുപ്പമല്ല.
ഡ്യുറന്റ് കപ്പില്‍ പോലും മികച്ച പ്രകടനം നടത്താനായില്ല.ഗോകുലം കേരളയോട് വരെ തോറ്റു.സഹല്‍ അബ്ദുല്‍ സമദ് ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് ബൂട്ട് കെട്ടുന്നത്.

രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് ആണിക്കല്ല്. കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണയായിരിക്കും പ്രധാനതാരം.മുന്നേറ്റത്തില്‍ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയാണ്.പക്ഷെ താരം പരിക്കിന്റെ പിടിയിലാണ്.

മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്‌, മാര്‍കോ ലെസ്കോവിച്ച്‌ എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം പ്രീതത്തിന് പുറമെ ഡിഫൻസീവ് മിഡ്ഫീല്‍ഡറായ ജീക്സണ്‍ സിങ്, പുതിയ താരം പ്രബീര്‍ ദാസ്, കെ പി രാഹുല്‍ എന്നിവരാണ് പ്രധാന ഇന്ത്യൻ താരങ്ങള്‍. സഹലിന് പകരം മധ്യനിരയില്‍ മലയാളി യുവതാരം വിബിൻ മോഹനനെയാകും വുകോമനോവിച്ച്‌ പരിഗണിക്കുക. ഗ്രീസില്‍ പരിശീലനം കഴിഞ്ഞെത്തിയ ഈ ഇരുപതുകാരൻ നിലവില്‍ ഇന്ത്യൻ അണ്ടര്‍ 23 ടീമിനൊപ്പമാണ്.മൊത്തം ഒൻപത് മലയാളികളാണ് ടീമിലുള്ളത്.

കഴിഞ്ഞ സീസണ്‍ മറക്കാനും പൊറുക്കാനുമാകും കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആഗ്രഹിക്കുക.പിഴയും വിലക്കും നേരിട്ട സീസണില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.എടികെ മോഹൻബഗാൻ ജേതാക്കളായപ്പോള്‍ ബംഗളൂരു എഫ്സി റണ്ണറപ്പായി. ബ്ലാസ്റ്റേഴ്സുമായി വിവാദ കളിക്കിറങ്ങിയ ബംഗളൂരു ഫൈനല്‍വരെ മുന്നേറി.

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിന്‌ 21 നാണ് കിക്കോഫ്‌. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളുരു എഫ്‌.സിയും ഏറ്റുമുട്ടും.രാത്രി എട്ടിനാണു മത്സരം.കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് – ബംഗളുരു പ്ലേ ഓഫ്‌ മത്സരം വിവാദമായിരുന്നു. ബംഗളുരു നേടിയ ഫ്രീകിക്ക്‌ ഗോളില്‍ പ്രതിഷേധിച്ചു ഗ്രൗണ്ട്‌ വിട്ട  ബ്ലാസ്‌റ്റേഴ്‌സിനു വന്‍ തുക പിഴയും പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിനു വിലക്കും വിധിച്ചു.

ആ ഓര്‍മകള്‍ മറന്നു പുതിയ തുടക്കമാണു പത്താം സീസണില്‍ ക്ലബ് ലക്ഷ്യമിടുന്നത്‌.ഐ ലീഗില്‍നിന്നു യോഗ്യത നേടിയെത്തിയ പഞ്ചാബ്‌ എഫ്‌.സി. ഉള്‍പ്പെടെ 12 ടീമുകളാണ്‌ ഇത്തവണ ഐ.എസ്‌.എല്ലില്‍ മത്സരിക്കുക.ആദ്യറൗണ്ടില്‍ കൊച്ചിയില്‍ ആറു മത്സരങ്ങളുണ്ടാകും. ഒക്‌ടോബര്‍ ഒന്നിനു ജംഷഡ്‌പൂറിനെയും 21 നു നോര്‍ത്ത്‌ഈസ്‌റ്റ് യൂണൈറ്റഡിനെയും 27 നു ഒഡീഷയേയും നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈ എഫ്‌.സിയേയുമാണു കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി. നേരിടുന്നത്‌.

അതിനിടെ, പ്രീ-സീസണ്‍ ഒരുക്കങ്ങളുടെ ഭാഗമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇയിലെത്തി. ഈമാസം 16 വരെ നീളുന്ന പരിശീലന ക്യാമ്ബാണു ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇ.യില്‍ നടത്തുന്നത്‌. യു.എ.ഇ. പ്രോ-ലീഗ്‌ ക്ലബുകളുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നു സൗഹൃദമത്സരം കളിക്കും. ബ്ലാസ്‌റ്റേഴ്‌സിലേക്കു പുതുതായെത്തിയ ജപ്പാന്‍താരം ഡെയ്‌സുക്‌ സകായ്‌ ദുബായില്‍ടീമിനൊപ്പം ചേര്‍ന്നു. യുറുഗ്വായ്‌ താരം അഡ്രിയാന്‍ ലൂണ അടക്കമുള്ള വിദേശ താരങ്ങളും യു.എ.ഇയിലെത്തിയിട്ടുണ്ട്‌.

Back to top button
error: