LIFEMovie

അതിഥി തൊഴിലാളിയായെത്തി വെള്ളിത്തിരയിലേക്ക്… ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങി ചന്തു നായക്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങുകയാണ് ചന്തു നായക് എന്ന അതിഥി തൊഴിലാളി. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ചായക്കടയിലെ തൊഴിലാളിയുടെ വേഷമണിഞ്ഞ ഒഡീഷയിലെ ഗജാം ജില്ലയിലെ ബാജനഗറില്‍നിന്നുള്ള ഈ 21കാരന്‍ നേരത്തെ മറ്റു പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്സപ്രസാണ് ചന്തു നായകിന്‍റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ഒഡീഷയിലെ നിര്‍ധന കര്‍ഷക കുടുംബത്തില്‍നിന്നുള്ള ചന്തു, ചെറുപ്പകാലം തൊട്ടെ അഭിനയ മോഹം കൂടെ കൊണ്ടുനടന്നിരുന്നു. എന്നാല്‍, പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 12ാം വയസില്‍ ഒഡീഷനില്‍ പങ്കെടുക്കാന്‍ ചന്തു വീട്ടില്‍നിന്നും മോഷ്ടിച്ച 400 രൂപയുമായി ഭുവനേശ്വറിലേക്ക് വണ്ടികയറിയെങ്കിലും നിരാശയായിരുന്നു ഫലം. നിരധി ഒഡീഷനുകളില്‍ പങ്കെടുത്തെങ്കിലും കഴിവുണ്ടായിരുന്നിട്ടും അഭിനയിപ്പിക്കണമെങ്കില്‍ എല്ലാവര്‍ക്കും പണം ആവശ്യമായിരുന്നുവെന്നും അവസരം ലഭിച്ചില്ലെന്നും ചന്തു ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പിന്നീട് സുഹൃത്തിനൊപ്പം ഫോര്‍ട്ടുകൊച്ചിയിലെത്തി. എട്ടാം ക്ലാസുകാരനായ ചന്തു ഫോര്‍ട്ട് കൊച്ചി സ്റ്റാച്യൂ ജങ്ഷനിലെ സ്റ്റീഫന്‍സ് ടീ ഷോപ്പില്‍ ജോലിക്കുകയറി. ചായകൊടുക്കലും കടികളുണ്ടാക്കലുമായി ചന്തുവിന്‍റെ ദിവസം കടന്നുപോയെങ്കിലും സിനിമ മോഹം ഉപേക്ഷിച്ചിരുന്നില്ല. പിന്നീട് മുബൈയില്‍ നടന്ന ആക്ടിങ് -മോഡലിങ് ഒഡിഷനില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇതോടെ വീണ്ടും പ്രതീക്ഷയായി.

2022 ഫെബ്രുവരിയില്‍ എല്ലാ സമ്പാദ്യവുമായി വീണ്ടും മുബൈയിലേക്ക് പോയി രാധാകൃഷ്ണ എന്ന സീരിയലിന്‍റെ ഒഡീഷനില്‍ പങ്കെടുത്തു. സിരീയലില്‍ കൃഷ്ണന്‍റെ സുഹൃത്തായി അഭിനയിച്ചു. പിന്നീട് 2022 ഡിസംബറില്‍ മുബൈയില്‍നടന്ന ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്തു. ചന്തുവിന്‍റെ കഴിവ് തിരിച്ചറിഞ്ഞ സംവിധായകര്‍ ഗുജറാത്തി, ഹിന്ദി സിനിമകളില്‍ അവസരം നല്‍കി. ബംഗ്ലാദേശ് കോളനി എന്ന ഹിന്ദി സിനിമയില്‍ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. പിന്നീട് രണ്ടു വെബ് സീരിസുകളുടെയും ഭാഗമായി. സിനിമ മോഹങ്ങള്‍ക്കിടയിലും ചന്തു കൊച്ചിയിലെ ചായക്കടയിലെ ജോലി വിട്ടില്ല. ഇപ്പോള്‍ മലയാള സിനിമ സംവിധായകന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും മലയാളത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ചന്തു പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: