ജിതേഷ് മംഗലത്ത് എഴുതുന്നു
ഒരഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിയെ അനന്യനാക്കുന്ന ഫീച്ചർ അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന നൈരന്തര്യമാണെന്ന് തോന്നാറുണ്ട്.ബ്രാഡ്സ്മാൻസ് ക്യൂവായിട്ടുള്ള ഒരു തരം കൺസിസ്റ്റൻസിയാണ് തന്റെ അഭിനയ സപര്യയിലുടനീളം ഈ മനുഷ്യൻ പുലർത്തിക്കൊണ്ടിരിക്കുന്നത്. ‘മമ്മൂട്ടിയുടെ ഒരു നല്ല പെർഫോമൻസ് കണ്ടിട്ടെത്ര കാലമായി?’എന്ന് അത്ഭുതപ്പെടേണ്ട ഒരു ഗ്യാപ് ആ കരിയറിൽ അധികം ഉണ്ടായിട്ടില്ല. അഭിനേതാവ്/താരം എന്ന നിലയിൽ മുഖ്യധാരാസിനിമയിൽ ആദ്യമായടയാളപ്പെട്ട കാലം മുതൽ മമ്മൂട്ടി പിന്തുടർന്നുവരുന്ന അഭിനയസങ്കേതം അതിന്റെ ക്രമാനുഗതവും, കാലാനുസൃതവുമായ അപ്ഡേഷനുകളെ പുണരുന്നുണ്ട്. 80കളുടെ മധ്യം തൊട്ടേ ഇത്തരമൊരു അപ്ഡേഷൻ ആ ശൈലിയിൽ ദൃശ്യമാണ്. തന്നെ സിനിമയ്ക്കല്ല, തനിക്ക് സിനിമയെയാണ് ആവശ്യമെന്ന ആ പ്രശസ്തമായ മമ്മൂട്ടിയൻ ഉദ്ധരണിയുടെ ചുവടുപിടിച്ചായിരുന്നു സ്വന്തം കരിയറിനെ അദ്ദേഹം ഡിസൈൻ ചെയ്തതു തന്നെ.
മമ്മൂട്ടി ജീവിക്കുന്നതു തന്നെ തന്റെ അഭിനയശേഷിയെ എങ്ങനെ അടുത്ത ലെവലിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന ചിന്തയോടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അത്രയേറെ അന്വേഷണകുതുകിയാണ് ഓരോ വേഷങ്ങളോടും ആ നടൻ. നായർസാബിന്റെ ഷൂട്ടിങ് സമയത്ത് മിലിട്ടറി മാർച്ച് പാസ്റ്റിംഗ് ഷൂട്ടിംഗിനിടെ മമ്മൂട്ടി ‘ബങ്ക്ൾ’ ചെയ്തതു കണ്ടു നിന്ന യഥാർത്ഥ പട്ടാളക്കാരിൽ ചിലർ ചിരിച്ചുവത്രെ. മമ്മൂട്ടി അവരോട് എങ്ങനെയാണ് ശരിക്കും നടക്കേണ്ടതെന്ന് കാണിച്ചുതരാൻ ആവശ്യപ്പെടുകയും റീടേക്കിന്റെ സമയം കടുകിട തെറ്റാതെ അത് അനുവർത്തിക്കുകയും ആദ്യം ചിരിച്ചവർ പോലും കയ്യടിക്കുകയും ചെയ്തു എന്ന് ജോഷി പറഞ്ഞിട്ടുണ്ട്. അത്യപൂർവ്വമായ നിരീക്ഷണപാടവമുള്ള ഒരാൾക്കു മാത്രം പുൾ ഓഫ് ചെയ്യാവുന്ന ഒന്നാണത്. അത് സ്വകീയമായി വന്ന ഒന്നല്ല; മറിച്ച് ക്ഷമാപൂർവ്വമായ സാധനയ്ക്കൊടുവിൽ സ്വന്തമായ സിദ്ധിയാണെന്ന് മനസ്സിലാകുമ്പോഴാണ് ഈ കലയോട് മമ്മൂട്ടി പുലർത്തുന്ന പരിപൂർണ്ണമായ സമർപ്പണത്തിന്റെ ആഴം തിരിച്ചറിയുന്നത്.
അക്ബർ കക്കട്ടിലുമായുള്ള ഒരഭിമുഖത്തിൽ മമ്മൂട്ടി തന്റെ അഭിനയശൈലിയെക്കുറിച്ച് ആഴത്തിലുള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കഥാപാത്രത്തെ സ്വാംശീകരിക്കുകയല്ല കഥാപാത്രത്തിലേക്ക് തന്നെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണ് താൻ ചെയ്യാറുള്ളതെന്ന് നടൻ പറയുന്നു. പല ഘട്ടങ്ങളിലും വഴി മുട്ടി നിൽക്കാറുമുണ്ടത്രെ. അവയെ മറികടക്കാനുള്ള ശ്രമങ്ങളാണ് ആവർത്തനങ്ങളിൽ നിന്നും വഴുതിമാറിയുള്ള കഥാപാത്രങ്ങളായി നമുക്കുമുന്നിൽ പകർന്നാടപ്പെട്ടിട്ടുള്ളത്. താനിന്നയാളാണെന്ന് ഭാസിപ്പിക്കുക എന്ന അഭിനയത്തിന്റെ പ്രാഥമിക നിർവചനങ്ങൾക്കൊന്നിന് സദാ ദൃശ്യരൂപം നൽകുന്ന അഭിനേതാവാണ് മമ്മൂട്ടി.
മമ്മൂട്ടി എന്റെ സിനിമാക്കാഴ്ച്ചകളിൽ അടയാളപ്പെടാറുള്ളത് ഏകമാനകത്തിന്റെ അത്യുന്നതങ്ങളിലല്ല, മറിച്ച് അങ്ങേയറ്റം വലിച്ചു നീട്ടപ്പെടുന്ന ഫീൽഡ് ഓഫ് പെർഫോമൻസ് സ്കോപ്പിനോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ പ്രണയം കൊണ്ടാണ്.
മമ്മൂട്ടിയോളം മികച്ച രീതിയിൽ കരിയറിൽ ആക്ടിംഗ് ഫോം നിലനിർത്തിയിട്ടുള്ള മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടാവുമെന്നു തോന്നുന്നില്ല.
തൊണ്ണൂറുകളിൽ അച്ചൂട്ടിയും, ബാലൻ മാഷും, വാറുണ്ണിയും കീറിമുറിച്ച അതേ ശബ്ദയിടർച്ചകളാണ് കഥ പറയുമ്പോളിലും, പേരൻപിലും നമ്മളെ നോവിന്റെ മുൻപാരും സ്പർശിക്കാത്ത ഭൂമികകളിലേക്കെത്തിക്കുന്നത്. പരോളുകളും, ഷൈലോക്കുകളും, ഗ്യാംഗ്സ്റ്ററുകളും കൊട്ടക്കണക്കിന് ചെയ്യുമ്പോഴും ഒരമുദവൻ വന്നെത്തി നോക്കുമ്പോൾ അയ ചേർത്തുപിടിച്ച്, അയാളെ മുഴുവനായും പഠിച്ച്, ഒടുവിൽ അയാളായി പകർന്നാടുന്ന ആ മമ്മൂട്ടി ടെക്നിക്കാണ് ആക്ടിംഗ് അപ്ഡേറ്റുകളുടെ അവസാനവാക്കായി അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നത്. അത്രത്തോളം വലുതാണ് മമ്മൂട്ടിക്കാ പാഷൻ. ‘നിങ്ങൾക്കെന്നെ തല്ലാം, കൊല്ലാം. പക്ഷേ എന്റെ മോനെ ഞാൻ സ്നേഹിച്ചില്ലെന്നു മാത്രം നിങ്ങൾ പറയരുത്’എന്ന് കേഴുന്ന പപ്പയുടെ സ്വന്തം അപ്പൂസിലെ ഡാഡിയിൽ നിന്നും, മകൾ കാമാതുരയായി ടി.വി. സ്ക്രീനിൽ നായകനെ ചുംബിക്കാൻ ശ്രമിക്കുന്ന രംഗം നോക്കി നിൽക്കാൻ കഴിയാതെ നിസ്സഹായനായി ചുമരിൽ തലയിട്ടിടിക്കുന്ന പേരൻപിലെ അച്ഛനിലേക്കുള്ള കാൽ നൂറ്റാണ്ടിലധികം വരുന്ന ദൂരം എത്ര കുറഞ്ഞ കാലടികളിലാണ് അദ്ദേഹം നടന്നു തീർക്കുന്നതെന്ന് അതിശയത്തോടെയല്ലാതെ കണ്ടുനിൽക്കാൻ സാധിക്കില്ല. അന്നത്തെ സ്കിൽ രാകി മിനുക്കപ്പെട്ടതല്ലാതെ ഒട്ടുമേ മൂർച്ച കുറഞ്ഞിട്ടില്ല.
എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്. കാരണം, നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കഥകളാണെന്ന് തോന്നാതെ ഒരു 70 എം.എം.സ്ക്രീനിൽ നമുക്കനുഭവിപ്പിച്ചു തരാൻ ആകുമെന്ന് തെളിയിച്ച ഒരു ജാലവിദ്യക്കാരനാണ് അദ്ദേഹം. മമ്മുട്ടി ചെയ്തു ഫലിപ്പിച്ചതൊന്നും- ബാലൻ മാഷും, അച്ചൂട്ടിയും, രാഘവൻ നായരും, രവിശങ്കറും,അമുദവനും ഒന്നും- വെറും കഥാപാത്രങ്ങളായിരുന്നില്ല.അവയൊക്കെയും ജീവിതങ്ങളായിരുന്നു; കണ്ണീരിനാലും, പ്രതീക്ഷകളാലും, സ്നേഹത്താലും കുഴഞ്ഞുമറിഞ്ഞ് രൂപമറ്റ ജീവിതങ്ങൾ.
മമ്മൂട്ടിയെക്കുറിച്ച് ഓരോ തവണ എഴുതിയവസാനിപ്പിക്കുമ്പോഴും ഓർമ്മയിൽ വരുന്ന ഒരു മമ്മൂട്ടിയൻ വാചകമുണ്ട്.അടുത്ത ജന്മത്തിൽ (അങ്ങനെയൊന്നുണ്ടെങ്കിൽ) മമ്മൂട്ടിയായിത്തന്നെ ജനിക്കണം. അതിനൊരർത്ഥമേയുള്ളൂ ഇനിയും മമ്മൂട്ടിയായി’ത്തീർന്നിട്ടില്ല’ അഥവാ മമ്മൂട്ടിയായി ഇനിയും ചെയ്യാൻ ബാക്കിയുണ്ട്. അടങ്ങാത്ത ഈ തൃഷ്ണയും,പശിയുമാണ് അദ്ദേഹത്തെ മഹാനടനാക്കുന്നത്,ഒരേയൊരു മമ്മൂട്ടിയാക്കുന്നത്..
പ്രിയപ്പെട്ട നടന്,ജരാനരകൾ ബാധിക്കാത്ത ആ അൺഫ്ലിഞ്ച്ഡ് പാഷന്, ജന്മദിനാശംസകൾ