കോഴിക്കോട്: നെറുകില്‍ മയില്‍പ്പീലി ചൂടി മഞ്ഞച്ചേലയും ചുറ്റി കൃഷ്ണ വേഷമണിഞ്ഞെത്തിയത് ഏഴ് വയസ്സുകാരൻ മുഹമ്മദ് യഹിയ.
കൃഷ്ണനാവണമെന്ന് ആ കുഞ്ഞ് മനസ്സ് ആഗ്രഹിച്ചപ്പോള്‍ അവന്റെ ആഗ്രഹം നിറവേറാൻ ഒപ്പം നിന്നതാവട്ടെ ഉമ്മുമ്മ ഫരീദയും.
കോഴിക്കോട് നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ എല്ലാവരുടെയും കണ്ണിനു കുളിര്‍മ്മയായത് ഈ കാഴ്ചയായിരുന്നു.ഉമ്മുമ്മ്‌ക്കൊപ്പം വീല്‍ ചെയറിലാണ് യഹിയ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാല്‍ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.
തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.ഇത് രണ്ടാം തവണയാണ് യഹിയ കൃഷ്ണവേഷം കെട്ടുന്നത്.