തേക്കുതോട്ടിലേക്കുള്ള റോഡിന്റെ വലതുഭാഗത്ത് ഉരുള്‍പൊട്ടല്‍ പോലെയാണ് ഇരുപത് മീറ്റര്‍ നീളത്തില്‍ ഒരു ഭാഗത്തും പത്ത് മീറ്റര്‍ നീളത്തില്‍ മറ്റൊരു ഇടത്തും മണ്ണിടിഞ്ഞത്.ഏകദേശം ഇരുപത് അടി താഴ്ചയിലൂടെ ഒഴുകുന്ന കല്ലാറിലേക്കാണ് റോഡിന് അടിത്തറയായി കെട്ടിയ കല്ലുകളും മണ്ണും മറ്റും ഇടിഞ്ഞു വീണത്.
റോഡിനോട് ചേര്‍ന്ന താഴ്ചയില്‍ താമസിക്കുന്ന തേക്കുതോട് തൂക്കനാല്‍ തോമസ് ഫിലിപ്പിന്റെ പറമ്ബിന്റെ വശം ഇടിച്ചിളിക്കിയാണ് കല്ലുംമണ്ണും കല്ലാറിൽ പതിച്ചത്. ഇവിടെയുണ്ടായിരുന്ന റബര്‍ ഷീറ്റ് അടിക്കുന്ന ഷെഡും മെഷീനും പുകപ്പുരയും ആറ്റിലൂടെ ഒഴുകിപ്പോയി. ടാപ്പിംഗ് നടത്തുന്ന ഇരുപത് മൂട് റബര്‍ മരങ്ങളും കടപുഴകി.
റോഡിന് അടിയിലെ മണ്ണും കല്ലുകളും ഒലിച്ചുപോയതിനാല്‍ ഇൗ ഭാഗത്ത് ഗതാഗതം ഒറ്റ വരിയാക്കി. നിരവധി വാഹനങ്ങളും ബസുകളും പോകുന്ന റോഡിലെ യാത്ര അപകടം നിറഞ്ഞതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പെയ്ത കനത്ത മഴയിലാണ് റോഡ് തകര്‍ന്നതെന്ന് തോമസ് ഫിലിപ്പ് പറഞ്ഞു. റോഡിന്റെ ഒരു വശം മലയാണ്. ഇവിടെ നിന്ന് മണ്ണിടിഞ്ഞും മരം ഒടിഞ്ഞും റോഡില്‍ വീണത് നീക്കം ചെയ്തിട്ടുണ്ട്. രണ്ടുഭാഗങ്ങളിലും വീപ്പയും വാട്ടര്‍ ടാങ്കുകളും നിരത്തി അപകട മുന്നറിയിപ്പ് സ്ഥാപിച്ചു.