KeralaNEWS

ഗണേഷിന്റെ മന്ത്രിസ്ഥാനം തുലാസില്‍; മുന്നാക്ക കോര്‍പറേഷനും ഏറ്റെടുത്ത് സിപിഎം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ (ബി) കൈയിലിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തു. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം.രാജഗോപാലന്‍ നായരെ നിയമിച്ചു മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. മാറ്റിയ വിവരം അറിയില്ലെന്നും ഉത്തരവ് കണ്ടില്ലെന്നുമാണു പ്രേംജിത്തിന്റെ പ്രതികരണം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ കേരള കോണ്‍ഗ്രസിന് (ബി) നല്‍കിയ പ്രധാനപ്പെട്ട പദവിയാണ് കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസിന്റെ (ബി) സമ്മതമില്ലാതെയാണ് തീരുമാനം എന്നാണു സൂചന. കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയുള്‍പ്പെടെ നല്‍കിയാണ് മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത്. സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനുമാണ്.

Signature-ad

കോര്‍പറേഷന്‍ ഭരണ സമിതിയാകെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. പി.വി.ഭവദാസന്‍ നമ്പൂതിരി, ഫാ.ജിജി തോമസ്, ടി.കെ.പ്രസാദ്, എം.പി.മുരളി, കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍, പി.എന്‍.മോഹനന്‍ എന്നിവരെ അംഗങ്ങളാക്കിയാണു പുനഃസംഘടന. പൊതുഭരണ അഡീഷനല്‍ സെക്രട്ടറി, ധനകാര്യ അഡീഷനല്‍ സെക്രട്ടറി, മുന്നാക്ക സമുദായ കോര്‍പറേഷന്‍ എംഡി എന്നിവര്‍ ഔദ്യോഗിക അംഗങ്ങളാണ്. സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കുമ്പോള്‍ കെ.ബി.ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം ലഭിക്കുമെന്നു വാഗ്ദാനമുണ്ടായിരുന്നു. ഈ ഉറപ്പ് പാലിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൈയിലുള്ള പദവി കൂടി എടുക്കുന്നത്.

 

 

Back to top button
error: