കേരളം ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ പല നഗരങ്ങളിലും ഇപ്പോൾ ഗതാഗത നിയമ ലംഘകരെ പിടികൂടാൻ എഐ ക്യാമറകൾ അടക്കം പല തരത്തിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹി, പൂനെ, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ പല നഗരങ്ങളിലും ട്രാഫിക് ചലാൻ നിർമ്മിക്കുന്നതിന് ഇപ്പോൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹന ഉടമ പിഴ അടയ്‌ക്കേണ്ട ഇ ചലാൻ പേയ്‌മെന്റ് ലിങ്ക് മൊബൈലിലേക്ക് അയയ്‌ക്കുന്നത്.
എന്നാൽ ഇനി നിങ്ങൾ അത്തരമൊരു ഇ ചലാൻ പേയ്‌മെന്റ് ലിങ്ക് കാണുമ്പോൾ, അതിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നാണ് ദില്ലി പൊലീസ് പറയുന്നത്. കാരണം ഇപ്പോൾ സൈബർ കുറ്റവാളികൾ വ്യാജരേഖ ചമയ്ക്കുന്നതിന് ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുന്നു. ഈ കള്ളന്മാർ ആളുകൾക്ക് വ്യാജ ലിങ്കുകൾ അയയ്ക്കുന്നു. ക്ലിക്ക് ചെയ്‍ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ആളുകളുടെ അക്കൗണ്ടുകൾ കാലിയാക്കുകയും ചെയ്യുന്നു. ഡൽഹി-എൻസിആറിലെ നിരവധി വ്യക്തികൾ ഈ തട്ടിപ്പിന് ഇരയാകുന്നതായാണ് റിപ്പോർട്ടുകൾ.
ഇത്തരക്കാർ വ്യാജ സന്ദേശം അയക്കുന്നതായാണ് വിവരം. വാഹന ഉടമകളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നിന്നും മറ്റും നിങ്ങളുടെ വാഹനത്തിന്റെ നമ്പർ ഇവർക്ക് അനായാസം കണ്ടെത്താനാകും. അങ്ങനെ വാഹനത്തിന്റെ നമ്പർ അടക്കമായിരിക്കും വ്യാജ ലിങ്ക് വരിക. സ്വന്തം വാഹനത്തിൻറെ നമ്പർ കാണുമ്പോൾ, പലരും ഈ ലിങ്കുകളിൽ തിടുക്കത്തിൽ ക്ലിക്കുചെയ്യും. തുറന്നതിന് ശേഷം അത് ചില വിശദാംശങ്ങൾ പൂരിപ്പിക്കുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
നിയമാനുസൃതമായ ഇ-ചലാൻ അറിയിപ്പുകളോട് സാമ്യമുള്ള മൊബൈൽ ഫോണുകളിലേക്ക് അയയ്‌ക്കുന്ന ടെക്‌സ്‌റ്റ് സന്ദേശങ്ങളാണ് ഈ തട്ടിപ്പിനായി കുറ്റവാളികൾ ഉപയോഗിക്കുന്നത്. ഈ സന്ദേശങ്ങളിൽ പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള ലിങ്കുകൾ അടങ്ങിയിരിക്കുന്നു. സ്വീകർത്താവ് ലിങ്കിൽ ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ, അവരുടെ മൊബൈൽ ഫോണിൻറെ സുരക്ഷ അപഹരിക്കപ്പെടുകയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളിലേക്ക് ഹാക്കർമാർക്ക് അനധികൃത ആക്‌സസ് അനുവദിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ, തട്ടിപ്പിന് ഇരയായവർ പലപ്പോഴും സത്യം തിരിച്ചറിയുന്നത് തട്ടിപ്പിന് ശേഷം മാത്രമാണ്.
ദില്ലി പോലീസും പൂനെ പോലീസും ഇത് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൂനെയിൽ, യെരവാഡ ഓഫീസിൽ പ്രത്യേക ഹെൽപ്പ്‌ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും സൂക്ഷ്മതകളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നു. കഴിഞ്ഞദിവസം കേരള മോട്ടോർ വാഹനവകുപ്പും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
ഇത്തരം ലിങ്കിൽ ക്ലിക്കുചെയ്യുന്നത് ഫോണിനെ ഹാക്കർമാർക്ക് ഇരയാക്കുന്നുവെന്നും നിങ്ങളുടെ ബാങ്കിംഗും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്ന ഒരു വ്യാജ ഇ-ചലാൻ വെബ്‌സൈറ്റിലേക്കും ഇത് നിങ്ങളെ നയിക്കുന്നുവെന്നും ദില്ലി പൊലീസിലെ ഒരു ഓഫീസർ പറഞ്ഞതായി ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം തട്ടിപ്പുകാരിൽ നിന്ന് അക്കൗണ്ടുകൾ സംരക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള ഉപദേശം പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ട്രാഫിക് പോലീസിൽ നിന്നാണെന്ന് കരുതുന്ന ഹൈപ്പർലിങ്ക് ഉള്ള ഒരു ടെക്സ്റ്റ് സന്ദേശമോ ഇമെയിലോ ലഭിക്കുന്ന ആർക്കും ലിങ്ക് നിയമാനുസൃതമാണെന്ന് ആദ്യം ഉറപ്പാക്കണം. വ്യക്തികൾ ഉടൻ തന്നെ ഔദ്യോഗിക സർക്കാർ പോർട്ടൽ പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. https://echallan.parivahan.gov.in/ഒരു ഇ-ചലാൻ നിയമസാധുത സ്ഥിരീകരിക്കുന്നതിന് അല്ലെങ്കിൽ വിശദീകരണത്തിനും പരിഹാരത്തിനും വേണ്ടി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടണമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു.
എങ്ങനെ സൂക്ഷിക്കാം
- ലിങ്ക് കാണുന്ന ഉടൻ ഏതെങ്കിലും എസ്എംഎസ് അല്ലെങ്കിൽ ഇൻവോയ്സ് തുറക്കാതിരിക്കുക.
- ഈ വ്യാജ ലിങ്കുകൾ പലപ്പോഴും .in ൽ അവസാനിക്കുമെന്ന് ഓർമ്മിക്കുക. സർക്കാർ സന്ദേശം അല്ലെങ്കിൽ ഇ ചലാൻ പേയ്‌മെന്റ് ലിങ്ക് gov.in ൽ മാത്രം അവസാനിക്കും.
- ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്‌തതിന് ശേഷം ഒരിക്കലും നിങ്ങളുടെ ബാങ്ക് പാസ്‌വേഡ്, യുപിഐ പാസ്‌വേഡ്, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ പങ്കിടരുത്.
- സംശയമുണ്ടെങ്കിൽ, ഉടൻ തന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിക്കുകയോ www.cybercrime.gov.in-ൽ അറിയിക്കുകയോ ചെയ്യുക.