CrimeNEWS

കുട്ടികൾ മദ്യലഹരിയിൽ പുഴയോരത്ത്; മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരെ കേസെടുത്തു, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

മൂവാറ്റുപുഴ: കുട്ടികൾക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പൊലീസ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്കോ ജീവനക്കാർക്കെതിരെ കേസെടുത്തത്. ഓഗസ്റ്റ് 25ന് നാല് കുട്ടികൾ മദ്യലഹരിയിൽ മൂവാറ്റുപുഴ ജനതാ കടത്തിന് സമീപം പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലെ ഓണാഘോഷത്തിന് ശേഷമാണ് കുട്ടികൾ മദ്യപിക്കാൻ പുഴയോരത്ത് എത്തിയത്. ഒരു വിദ്യാർത്ഥി ലക്കുകെട്ട് കുഴഞ്ഞുവീണു. ഈ സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിമർശനം ഉയർന്നു.

കുട്ടികളോട് അന്വേഷിച്ചപ്പോൾ സഹപാഠികളിൽ ചിലരാണ് മദ്യം നൽകിയതെന്ന് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യം വാങ്ങിയത് മൂവാറ്റുപുഴയിലെ ബിവറേജിൽ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിനു ശേഷമാണ് കേസെടുത്തത്. 18 വയസ്സ് പൂർത്തിയാകാത്തവർക്ക് മദ്യം നൽകരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം പ്രായപൂ‍ർത്തിയാകാത്ത ആർക്കും മദ്യം നൽകിയിട്ടില്ലെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കുട്ടികൾക്ക് മദ്യം നൽകിയതിന് പിന്നിൽ ഇടനിലക്കാരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: