KeralaNEWS

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്

ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. സെപ്റ്റംബർ 12 -നാണ് കേസ് വീണ്ടും പരിഗണിക്കുക. കേസിൽ സീനീയർ അഭിഭാഷകൻ ഇന്ന് ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. എന്നാൽ കേസ് ഇനി അനന്തമായി നീട്ടരുതെന്ന് എം സ്വരാജിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അവശ്യപ്പെട്ടു.

ജനപ്രാതിനിത്യനിയമം അനുസരിച്ച് ആറ് മാസത്തിനുള്ളിൽ ഇത്തരം കേസുകൾ തീർപ്പാക്കണമെന്ന് എം സ്വരാജിന്റെ അഭിഭാഷകൻ കോടതിയോട് അവശ്യപ്പെട്ടു. എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കെ ബാബുവിന്റെ അഭിഭാഷകൻ നൽകിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.

Signature-ad

ഈ വർഷം മാർച്ചിലാണ് തൃപ്പൂണിത്തുറയിൽ കെ ബാബുവിൻറെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമല വിഷയത്തിൽ അയ്യപ്പൻറെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം സ്വരാജിന്റെ ഹർജി. എന്നാൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം.

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു സ്വരാജിന്റെ വാദം.

Back to top button
error: