CrimeNEWS

വിചാരണ കോടതി വെറുതെ വിട്ട 1995ലെ ഇരട്ടക്കൊലപാതക കേസിൽ ആർജെഡി നേതാവും മുൻ എംപിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി

ദില്ലി: രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാർട്ടി നേതാവും മുൻ എംപിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 1995ൽ തൻറെ താത്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്തതിന് രണ്ട് പേരെ പ്രഭുനാഥ് സിങ് വെടിവെച്ച് കൊന്നു എന്നാണ് കേസ്. ചപ്ര ഗ്രാമത്തിലെ ദരോഗ റായ്, രാജേന്ദ്ര റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസ് ‘നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ അസാധാരണമായ വേദനാജനകമായ സംഭവ’മാണെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ പ്രതി ബോധപൂർവ്വം ശ്രമിച്ചെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റയാൾക്ക് അഞ്ച് ലക്ഷം രൂപയും സഹായധനം നൽകാൻ ബിഹാർ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307 വകുപ്പുകളാണ് പ്രഭുനാഥ് സിങ്ങിനെതിരെ ചുമത്തിയിരുന്നത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2008ൽ വിചാരണ കോടതി പ്രഭുനാഥ് സിങ്ങിനെ വെറുതെ വിട്ടിരുന്നു. പട്ന ഹൈക്കോടതി പിന്നീട് ഈ ഉത്തരവ് ശരിവെച്ചു. കൊല്ലപ്പെട്ട രാജേന്ദ്ര റായിയുടെ സഹോദരൻ നൽകിയ അപ്പീലിലാണ് സുപ്രിംകോടതി ശിക്ഷ വിധിച്ചത്.

Signature-ad

12, 13, 14 ലോക്‌സഭകളിൽ പ്രഭുനാഥ് സിങ് അംഗമായിരുന്നു. 1998 മുതൽ 2009 വരെ ബിഹാറിലെ മഹാരാജ്ഗഞ്ച് ലോക്‌സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 2013ൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രഭുനാഥ് സിങ് 2014 വരെ പാർലമെന്റ് അംഗമായി തുടർന്നു. 1985 മുതൽ 1995 വരെ മസ്‌റഖ് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

Back to top button
error: