ചെന്നൈ: രജനികാന്തിൻറെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ജയിലർ. ഇറങ്ങി ഇരുപത്തി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 600 കോടി ക്ലബിന് അടുത്ത് എത്തിയെന്നാണ് വിവരം. എന്തായാലും ചിത്രം വലിയ ലാഭമാണ് നിർമ്മാതാക്കളായ സൺ പിക്ചേർസിന് നൽകിയത്. ലീസ് ചെയ്യപ്പെട്ട ഒരു മാർക്കറ്റിലും പിന്നീടിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായതിന് പിന്നാലെ അതിൻറെ ലാഭ വിഹിതം സൂപ്പർതാരം രജനികാന്തിന് നിർമ്മാതാക്കളായ സൺപിക്ചേർസ് ഉടമ കലാനിധി മാരൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. എന്നാൽ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരൻ സമ്മാനിച്ചിട്ടുണ്ട്. സൺ പിക്ചേർസ് തന്നെയാണ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിൻറെ വിവരം പുറത്തുവിട്ടത്.
#JailerSuccessCelebrations continue! Superstar @rajinikanth was shown various car models and Mr.Kalanithi Maran presented the key to a brand new BMW X7 which Superstar chose. pic.twitter.com/tI5BvqlRor
— Sun Pictures (@sunpictures) September 1, 2023
ബിഎംഡബ്യൂ എക്സ് 7 കാറാണ് രജനിക്ക് കലാനിധി മാരൻ സമ്മാനിച്ചത്. കാർ ദേക്കോ പ്രകാരം ഒന്നേകാൽ കോടിക്ക് അടുത്താണ് ഈ കാറിൻറെ വില. ഇത് രജനിക്ക് സമ്മാനിക്കുന്ന വീഡിയോ സൺ പിക്ചേർസ് പുറത്തുവിട്ടിട്ടുണ്ട്. ജയിലറിന് 110 കോടി രജനി പ്രതിഫലം വാങ്ങിയിരുന്നുവെന്നും അതിന് പിന്നാലെ 100 കോടി ലാഭവിഹിതം കൂടി ലഭിച്ചതോടെ രജനി ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടനായെന്നും ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞിരുന്നു. അതിന് പുറമേയാണ് പുത്തൻ കാർ.
കേരളത്തിൽ അടക്കം വൻ വിജയമാണ് ജയിലർ നേടിയത്. രജനികാന്തിന് കേരളത്തിൽ പണ്ടുമുതൽക്കേ ആരാധകർ ഉണ്ടെങ്കിലും മോഹൻലാലിൻറെ മാത്യു എന്ന അതിഥിവേഷം വൻ വിജയമായി. ഓണം റിലീസുകൾക്കിടയിലും ചിത്രം മികച്ച കളക്ഷൻ നേടി. മോഹൻലാൽ, ശിവ രാജ്‍കുമാർ, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ സാന്നിധ്യം ചിത്രത്തിന് മുതൽകൂട്ടായി. ചിത്രം വർക്ക് ആയതിനെത്തുടർന്ന് വമ്പൻ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാർക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളിൽ പിന്നീട് ദൃശ്യമായത്.