ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്‍മ സിന്‍ഹ നിയമിതയായി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവി അലങ്കരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. കാലാവധി അവസാനിച്ചതിനെ തുടർന്ന് നിലവിലെ സിഇഒ അനിൽ കുമാർ ലഹോട്ടി ഒഴിയുന്ന സ്ഥാനത്താണ് ജയ വർമയുടെ നിയമനം. സെപ്തംബർ ഒന്നിന് അവർ ചുമതലയേൽക്കും.
ലഹോട്ടിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പകരം പുതിയ ചെയർമാനെ നിയമിക്കുന്നതിനായി റെയിൽവേ നാല് പേരടങ്ങുന്ന പാനലിന് രൂപം നൽകിയിരുന്നു. ജയ വർമ്മയെ ചെയർമാനാക്കാൻ ഈ സമിതിയാണ് തീരുമാനിച്ചത്. 2024 ആഗസ്ത് 31 വരെ ജയ പദവിയിൽ തുടരും.
അലഹബാദ് സർവകലാശാലയിൽ നിന്നാണ് ജയ വർമ്മ പഠനം പൂർത്തിയാക്കിയത്. 1988ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (ഐആർടിഎസ്) ചേർന്നു. ജയ നിലവിൽ റെയിൽവേ ബോർഡിൽ മെമ്പർ, ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതുകൂടാതെ, സൗത്ത്-ഈസ്റ്റേൺ റെയിൽവേയിൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ, ഈസ്റ്റേൺ റെയിൽവേയിലും നോർത്തേൺ റെയിൽവേയിലും ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) തസ്തികയിലും ജയ പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷം ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്.
ഒഡിഷയില്‍ 300-ഓളം പേരുടെ ജീവഹാനിക്കിടയാക്കിയ ട്രെയിന്‍ ദുരന്തത്തെ കുറിച്ചുള്ള വിശദീകരണം നല്‍കാനെത്തിയതു മുതല്‍ ജയ വര്‍മ സിന്‍ഹ രാജ്യത്ത് പരിചിതമുഖമായി മാറിയിരുന്നു. ധാക്കയിലും ബംഗ്ലാദേശിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ റെയില്‍വേ ഉപദേഷ്ടാവായി ജയ വര്‍മ സിന്‍ഹ സേവനമനുഷ്ഠിച്ച സമയത്താണ് കൊല്‍ക്കത്തയേയും ധാക്കയേയും ബന്ധിപ്പിക്കുന്ന മൈത്രി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. അതിന് സുപ്രധാനപങ്ക് വഹിച്ചത് ജയ വര്‍മ സിന്‍ഹയായിരുന്നു.
ഇന്ത്യൻ റെയിൽവേയ്ക്ക് സർക്കാരിൽ നിന്ന് റെക്കോർഡ് ബജറ്റ് വിഹിതം ലഭിച്ച സമയത്താണ് അവർ ബോർഡിന്റെ ചെയർമാനായി ചുമതലയേൽക്കുന്നത്. 2023-24 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 2.4 ലക്ഷം കോടി രൂപ മൂലധന അടങ്കൽ ഉൾപ്പെടുന്നു. റെയിൽവേക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിഹിതമാണിത്.