IndiaNEWS

ബിജെപി നേതാവിനെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കില്ലെന്ന് ചെന്നൈ ഹൈക്കോടതി;രജിസ്റ്റര്‍ ചെയ്തത് 11 കേസുകൾ

ചെന്നൈ:തമിഴ്നാട്ടില്‍ വ്യാജ ആരോപണങ്ങളുടെയും അപകീര്‍ത്തി പരാമര്‍ശങ്ങളുടെയും പേരില്‍ ബിജെപി നേതാവിനെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി.

ബിജെപി നേതാവ് എച്ച്‌. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റര്‍ ചെയ്ത 11 എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്. പൊതുപ്രവര്‍ത്തകര്‍ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് കേസ് പരിഗണിക്കവേ ഓർമ്മപ്പെടുത്തി.

ദ്രാവിഡ സൈദ്ധാന്തികൻ പെരിയാര്‍ ഇ.വി രാമസ്വാമി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി, ഡിഎംകെ എം.പി കനിമൊഴി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് (എച്ച്‌ആര്‍&സിഇ) വകുപ്പിലെ നിരവധി ഉദ്യോഗസ്ഥര്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ക്കെതിരെ 2018ലെ ഒരു പൊതുപരിപാടിയില്‍ രാജ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും സോഷ്യല്‍മീഡിയ പോസ്റ്റുകളുമാണ് കേസിനാധാരം.

ആ സമയം താൻ ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും അതിനാലാണ് അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നുമായിരുന്നു കോടതിയില്‍ രാജയുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.

‘പൊതുപ്രവര്‍ത്തകനായ ഒരു വ്യക്തി ഏത് സാഹചര്യത്തിലും ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനമാണ്. അത് മറ്റുള്ളവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ കലാശിക്കരുത്’- ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.

അതേസമയം, സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രാജയ്‌ക്കെതിരെ ചുമത്തിയ ഏഴ് കേസുകള്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള ശ്രീവില്ലിപുത്തൂര്‍ ജില്ലയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് വെങ്കിടേഷ് ഉത്തരവിട്ടു. പെരിയാറിനും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ രാജ നടത്തിയ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയിലും ചെന്നൈയിലുമുള്ള ബാക്കി നാല് കേസുകളുടെ വിചാരണ ചെന്നൈയിലെ പ്രത്യേക കോടതിയില്‍ ഒരുമിച്ച്‌ നടത്താമെന്നും ജഡ്ജി വ്യക്തമാക്കി.

Back to top button
error: