IndiaNEWS

അദാനി ഗ്രൂപ്പ് വീണ്ടും ആരോപണക്കുരുക്കില്‍; ഓഹരികളില്‍ വന്‍ ഇടിവ്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആരോപണം. മൗറിഷ്യസില്‍നിന്ന് സുതാര്യമല്ലാത്ത നിക്ഷേപം അദാനി ഓഹരികളിലേക്ക് എത്തിയെന്നും അദാനി കുടുംബവുമായി ബന്ധമുള്ളവരില്‍നിന്നാണ് ഇതെന്നുമാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി) ആരോപിക്കുന്നത്. ഓഹരി വില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ആരോപണമുയര്‍ത്തിയത്.

ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തുവന്നെങ്കിലും ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ ഓഹരികള്‍ വന്‍ ഇടിവു നേരിട്ടു. നേരത്തെയുള്ള ആരോപണങ്ങള്‍ പുതുതായി അവതരിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട് എന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഇവ അടിസ്ഥാനരഹിതമെന്ന് അവകാശപ്പെട്ട ഗ്രൂപ്പ് ഇന്ത്യന്‍ കമ്പനികളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കുറ്റപ്പെടുത്തി.

Signature-ad

സ്വന്തം ഷെയറുകളില്‍ അദാനി ഗ്രൂപ്പ് സുതാര്യമല്ലാത്ത നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി ആരോപിക്കുന്നത്. മൗറിഷ്യസില്‍ അദാനി കുടുംബവുമായി ബന്ധമുള്ളവരാണ് നിക്ഷേപത്തിനു പിന്നില്‍. 2013-18 കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നിട്ടുള്ളതെന്നും കൃത്രിമം കാണിച്ച് ഓഹരി വില ഉയര്‍ത്താന്‍ ഈ നിക്ഷേപങ്ങളിലൂുടെ ഗ്രൂപ്പ് നീക്കം നടത്തിയെന്നും ഒസിസിആര്‍പി പറയുന്നു.

ഒസിസിആര്‍പി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഫല്‍ഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില മൂന്നു ശതമാനം ഇടിഞ്ഞു. അദാനി പോര്‍ട്സ്മ, അദാനി പവര്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍ തുടങ്ങിയവയും ഇടിവിലാണ്.

 

 

Back to top button
error: