ലഖ്‌നൗ: വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 1215 വയസ് പ്രായക്കാരായ വിദ്യാര്‍ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയത്. പ്രിന്‍സിപ്പലിനെതിരെ ഇവര്‍ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു.
രാജീവ് പാണ്ഡെ വിദ്യാര്‍ഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെതിരെ സംസാരിക്കാന്‍ ഭയന്ന പെണ്‍കുട്ടികള്‍, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇയാള്‍ വിദ്യാര്‍ഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്‌പോരിനിടെ ചിലര്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചു.
ഇതോടെ, സ്‌കൂളില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ഇക്കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായതിനാലാണ് പ്രിന്‍സിപ്പലിനെതിരെ പൊലീസ് നടപടി സ്വീകരിക്കാന്‍ മടിക്കുന്നതെന്ന് ആരോപണമുണ്ടെന്ന് ഇവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് പൊലീസ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.
”അങ്ങയെ നേരില്‍ കാണാനും പരാതികള്‍ ബോധിപ്പിക്കാനും ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും അനുവദിക്കണം. ഞങ്ങള്‍ക്ക് നീതി വേണം. ഞങ്ങളെല്ലാം അങ്ങയുടെ മക്കളാണ്” – വിദ്യാര്‍ഥിനികള്‍ കത്തില്‍ എഴുതി.