ന്യൂഡല്‍ഹി: രക്ഷാബന്ധനില്‍ രാഖി കെട്ടാനായി സഹോദരനെ വേണമെന്ന മകളുടെ ആവശ്യം നിറവേറ്റാനായി ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റിലായി. രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവര്‍, ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെയാണ് അര്‍ധരാത്രി തട്ടിയെടുത്തത്.
വ്യാഴാഴ്ച പുലര്‍ച്ച 3 മണിയോടെ ഉണരുമ്പോഴാണു കുഞ്ഞിനെ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ പോലീസിനെ വിവരമറിയിച്ചു. പരിസരത്തെ നാനൂറോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര്‍ ബൈക്കില്‍ ചുറ്റുന്നതു കണ്ടെത്തി. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കകം പ്രതികളെ കണ്ടെത്തിയത്.
സഞ്ജയിയുടെയും അനിതയുടെയും 17 വയസ്സുള്ള മകന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അപകടത്തില്‍ മരിച്ചു. വരുന്ന രക്ഷാബന്ധനില്‍ തനിക്കു രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് 15 വയസ്സുള്ള മകള്‍ ആവശ്യപ്പെട്ടപ്പോഴാണു ആണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതെന്നു ദമ്പതികള്‍ പോലീസിനോടു പറഞ്ഞു.