തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ ആദായ നികുതി വകുപ്പില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും അന്വേഷണത്തിനായുള്ള മുറവിളി യാഥാര്‍ഥ്യ ബോധത്തിന് നിരയ്ക്കാത്തതാണെന്നും ദേശാഭിമാനി മുഖപ്രസംഗം. എക്‌സാലോജിക് കമ്പനിക്കും അതിന്റെ ഡയറക്ടര്‍ വീണയ്ക്കും 1.72 കോടി രൂപ ലഭിച്ചത് ബാങ്ക് വഴി സുതാര്യമായിട്ടാണ്. ഈ തുകയ്ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ‘സാമാന്യനീതിയും മനോരമ മറന്നോ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
ആദായ നികുതി വകുപ്പ് 2019-ല്‍ നടത്തിയ പരിശോധനയ്ക്കിടെ സി.എം.ആര്‍.എല്‍. കമ്പനിയിലെ ചില ജീവനക്കാര്‍, വീണയുടെ കമ്പനി സേവനം നല്‍കിയില്ലെന്ന പ്രസ്താവന നല്‍കിയതാണ് വിവാദങ്ങള്‍ക്കുപയോഗിച്ചത്. ഈ പ്രസ്താവന കാര്യകാരണ സഹിതം സി.എം.ആര്‍.എല്‍. പിന്നീട് പിന്‍വലിച്ചിരുന്നു. എന്നിട്ടും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഓര്‍ഡറില്‍ ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി തെറ്റായ പരാമര്‍ശം നടത്തിയ വിസ്മയകരമാണ്.
സെറ്റില്‍മെന്റ് കേസില്‍ കക്ഷിയല്ലാത്ത ഒരാളേയും കമ്പനിയേയും കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അവരുടെ ഭാഗം കേള്‍ക്കുക എന്ന സ്വാഭാവികനീതിയുണ്ടായില്ല. ഈ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതിനെതിരെയാണ് യഥാര്‍ഥത്തില്‍ വിമര്‍ശനങ്ങള്‍ ഉയരേണ്ടെതന്നും മുഖപ്രസംഗം പറയുന്നു.
”സി.എം.ആര്‍.എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള കരാറില്‍ പൊതുസേവകര്‍ കക്ഷിയല്ല. മാത്രമല്ല, ഏതെങ്കിലും പൊതുസേവകന്‍ സി.എം.ആര്‍.എല്‍. കമ്പനിക്ക് ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ്ഥിരീകരിക്കുന്ന തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കില്‍ ആദ്യം പ്രഥമദൃഷ്ട്യാ അടിസ്ഥാനമുള്ള ഒരു വസ്തുത വേണം. മാത്രമല്ല, അതിലുള്‍പ്പെട്ടവര്‍ പൊതുസേവകനായിരിക്കുകയും വേണം. ഇവിടെ ഒരു നിയമമോ ചട്ടമോ ലംഘിക്കപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതല്ല” മുഖപ്രസംഗത്തില്‍ പറയുന്നു.