അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും. ഇത്തവണ ദേശീയ അവാർഡ് നേടിയ താരങ്ങളെ പേരെടുത്ത് പരാമർശിച്ചാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുറിപ്പ്. മമ്മൂട്ടി ഓരോ സിനിമയെയും പരാമർശിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങൾ അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എത്തിയതിൽ ആരാധകരും സന്തോഷം പ്രകടിപ്പിക്കുന്നു
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാൽ എഴുതിയിരിക്കുന്നു. അല്ലു അർജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാൽ ‘ആർആർആർ’, ‘റോക്കട്രി’ പ്രവർത്തകരെയും സന്തോഷം അറിയിക്കുന്നു. ഏല്ലാ ദേശീയ അവാർഡ് ജേതാക്കൾക്കും തന്റെ അഭിനന്ദനം എന്ന് മമ്മൂട്ടി എഴുതിയിരിക്കുന്നു. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങൾ എന്നും മമ്മൂട്ടി എഴുതിയിരിക്കുന്നു.
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അർജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമർശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.
ഐഎസ്‍ആർഒ മുൻ ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ അവാർഡ് പ്രവനചത്തിൽ ഇടംപിടിച്ചതായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചതു പോലെ മികച്ച ചിത്രമായ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ ഒരുക്കിയതും നായകനായതും ആർ മാധവനായിരുന്നു. മികച്ച നടനുള്ള പുരസ്‍കാരത്തിനും മാധവന് പ്രതീക്ഷയുണ്ടായിരുന്നു. മികച്ച നടനുള്ള മത്സരത്തിന് പറഞ്ഞുകേട്ട ജോജു വേഷമിട്ട ‘നായാട്ടി’ന് മറ്റൊരു പുരസ്‍കാരമാണ് ലഭിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് ഷാഹി കബീർ ‘നായാട്ടി’ലൂടെ നേടിയപ്പോൾ മികച്ച അവലംബിത തിരക്കഥാകൃത്തുക്കളായി ‘ഗംഗുഭായ് കത്തിയവഡി’ എന്ന ചിത്രത്തിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്കർഷനി വസിഷ്‍തയും തെരഞ്ഞെടുക്കപ്പെട്ടു.
ഓസ്‍കർ പുരസ്‍കാരം വരെ നേടിയ സംഗീതഞ്‍ജന്റെ ‘നാട്ടു നാട്ടു’ ഗാനം ദേശീയ തലത്തിൽ ഒന്നാമത് എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ‘ആർആർആർ’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‍കാരം കീരവാണിക്കാണ്. ‘ആർആർആറി’ലെ ‘കമൊരം ഭീമുഡോ’ എന്ന ഗാനം ആലപിച്ച കാലഭൈരവ മികച്ച ഗായകനായപ്പോൾ ഗായിക ശ്രേയാ ഘോഷാലാണ്. ‘പുഷ്‍പ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേവിശ്രീ പ്രസാദിന് പുരസ്‍കാരം ലഭിച്ചു.