KeralaNEWS

ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള പ്രചാരണങ്ങൾ നിരാശാജനകം, പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല; സൈബർ അധിക്ഷേപങ്ങൾക്കെതിരെ അച്ചു ഉമ്മൻ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ച് അച്ചു ഉമ്മൻ. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ കുറിച്ചു. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു എന്ന് കൂട്ടിച്ചേർത്താണ് അച്ചു ഉമ്മൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അച്ചു ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

Signature-ad

കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.

എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.

പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ‍ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.

എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.

 

Back to top button
error: