ഐസ്വാൾ:മിസോറാമില്‍ റെയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.ഇതില്‍ 18 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.
മറിഞ്ഞ് വീണ തൂണുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് ഇവിടെ.നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ 104 മീറ്റര്‍ ഉയരമുള്ള തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഗാന്‍ട്രി തകര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ എഞ്ചിനീയര്‍മാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വെ മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഐസ്വാളിലെ സോറാം മെഡിക്കല്‍ കോളേജിലെയും സിവില്‍ ആശുപത്രിയിലെയും സംഘമാണ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. മൃതദേഹങ്ങള്‍ എംബാം ചെയ്ത് അതത് ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി റെയില്‍വേ വകുപ്പിന് കൈമാറുമെന്ന് മിസോറാം സര്‍ക്കാര്‍ അറിയിച്ചു.