KeralaNEWS

എകെബാലന്‍റെ ചൂണ്ടയിൽ കൊത്താതെ കുഴൽനാടൻ, വീണാ വിജയൻ 1.72 കോടിക്ക് ജി.എസ്.ടി അടച്ചെന്ന് തെളിഞ്ഞാൽ  മാപ്പ് പറയും

    എക്സാ ലോജിക് കമ്പനി ഉടമ വീണാ വിജയൻ 1.72 കോടിക്ക് ഐ ജി എസ് ടി അടച്ചതായി തെളിയിച്ചാൽ വീണയോടും പൊതുസമൂഹത്തോടും മാപ്പ് പറയാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടൻ. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന എകെബാലന്‍റെ വെല്ലുവിളി അദ്ദേഹം സ്വീകരിച്ചില്ല. എ കെ ബാലൻ മുതിര്‍ന്ന നേതാവാണ്. ഞാൻ ചെറിയ ആളാണ്. പൊതു പ്രവര്‍ത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. വീണ ജി എസ് റ്റി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ ജി എസ് റ്റി അടചച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ ബാലൻ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു. ഇടപാട് സുതാര്യമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പറയുന്നു. ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം. മറിച്ചാണെങ്കിൽ ഐ ജി എസ് ടി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്നത് സി പി എം സെക്രട്ടറിയേറ്റ് സമ്മതിക്കുമോ എന്നും കുഴൽനാടൻ ചോദിച്ചു. ബാലനെ പോലുള്ള മുതിർന്ന നേതാക്കളോട് ഇതിൽ കൂടുതൽ വെല്ലുവിളിയൊന്നും നടത്തുന്നില്ല. താൻ പൊതുപ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ. അതിനാൽ ആരോപണം തെറ്റായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ഉയർന്ന മാസപ്പടി വിവാദം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. എൻ ഡി എ സ്ഥാനാർഥി ജി. ലിജിൻ ലാലിന്റെ പ്രചാരണപരിപാടികൾക്കു വേണ്ടി എത്തിയ അദ്ദേഹം പുതുപ്പള്ളിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്  കോൺഗ്രസ്  സി പി എം ധാരണ പ്രകാരമാണ്.  മുഖ്യമന്ത്രിയെ കോൺഗ്രസ് നേത്യത്വത്തിന് പേടിയാണ്.

ഇരു പാർട്ടികളും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഇക്കാര്യം  പുതുപ്പള്ളി ഇലക്ഷനിൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടും

എൽഡിഎഫും യുഡിഎഫും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ഒന്നായിരിക്കുന്നു. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുന്നതിലും ഭേദം ഉപ മുഖ്യമന്ത്രി ആകുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ ആരോപണം ഉയർന്ന്  ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.ഈ മൗനം കുറ്റസമ്മതം ആണെന്ന് സംശയിക്കുന്നു. പൊതുസമൂഹത്തിലുള്ള സംശയം ശരിയാണെന്ന്  അനുദിനം തെളിഞ്ഞു വരികയാണ്.

സിപിഎം ഒരു അച്ഛനിലും മകളിലും മാത്രം ഒതുങ്ങി  നിൽക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ഇരുവരുമാണ് പാർട്ടിയെ ഇന്ന് പൂർണ്ണമായി നിയന്ത്രിക്കുന്നത്.

Back to top button
error: