അബുദാബി: രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്.
യു.എ.ഇയിലേക്ക് 45 ഇനം വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും രാജ്യം വിലക്കേര്‍പെടുത്തി. ചില ഉല്‍പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചിലതിന് നിയന്ത്രണവുണ് ഏര്‍പെടുത്തിയത്.
യു.എ.ഇയിലേക്ക് വരുന്നവര്‍ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്നും നിരോധനമോ നിയന്ത്രണമോയുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ഥിച്ചു.
നിരോധനം ഏര്‍പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയന്ത്രിത ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. നിയമം ലംഘിച്ച് ഇത്തരം ഉല്‍പന്നങ്ങള്‍ യു.എ.ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും.
നിരോധിത വസ്തുക്കള്‍
ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍.
നിയന്ത്രിത വസ്തുക്കള്‍
ജീവനുള്ള മൃഗങ്ങള്‍, മീനുകള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റ് സ്ഫോടകവസ്തു, മെഡിക്കല്‍ ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്‍പന്നങ്ങളും, ആണവോര്‍ജ ഉല്‍പന്നങ്ങള്‍, ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍കഹോളിക് ഡ്രിങ്ക്സ്, കോസ്മെറ്റിക്സ്, പേഴ്സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോനിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകള്‍.