Health

‘രക്ഷകർത്താവായ അമ്മാവന്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു,’ അന്തരിച്ച പാചക വിദഗ്ധന്‍ നൗഷാദിന്റെ മകൾ കോടതിയിൽ

അന്തരിച്ച പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദിന്റെ മകളുടെ സംരക്ഷണാവകാശം മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. നിലവിലെ രക്ഷകർത്താവായ അമ്മാവന്‍ ഹുസൈനിനെതിരായി മകള്‍ നഷ്വ നല്‍കിയ പരാതി പരിഗണിച്ച പത്തനംതിട്ട ജില്ലാ കോടതിയുടേതാണ് നിരീക്ഷണം.

കാറ്ററിങ് ബിസിനസ് കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഹുസൈന്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നുമാണ് നൗഷാദിന്റെ മകൾ നഷ്വയുടെ പരാതി. സംരക്ഷണാവകാശം ഹുസൈനില്‍നിന്ന് മാറ്റണമെന്ന നൗഷാദിന്റെ മകളുടെ ഹര്‍ജി പത്തനംതിട്ട ജില്ലാ കോടതി പരിഗണിച്ചു.

Signature-ad

നൗഷാദ് മരിച്ച ശേഷം ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരന്‍ ഹുസൈന്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസം അടക്കം എല്ലാം രക്ഷകർത്താവായ ഹുസൈന്‍ നിഷേധിക്കുന്നുവെന്നാണ് പരാതി. നൗഷാദിന്റെ മകള്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്.

‘ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈന്‍, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈന്റെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയന്‍ഷിപെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോള്‍ എന്റെ ചെറിയ ആവിശ്യങ്ങള്‍ പോലും നിറവേറുന്നില്ല. കാറ്ററിങ്ങില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച് സ്വന്തം കുട്ടികളുടെ സ്‌കൂള്‍ ചെലവുകള്‍ നടത്തുമ്പോഴും എന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളില്‍ കയറി ഇറങ്ങുകയാണ്.’
നഷ്വ ഫേസ്ബുകില്‍ പറഞ്ഞു. തിരുവല്ല പൊലീസില്‍ പരാതിയും നല്‍കി.

എന്നാല്‍ സ്വത്ത് തട്ടിയെടുക്കല്‍ അടക്കമുള്ള ആരോപണങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് രക്ഷകർത്താവായ ഹുസൈന്‍. നൗഷാദിന്റെ ഭാര്യയുടെ സഹോദരിക്കൊപ്പമാണ് നിലവില്‍ മകള്‍ താമസിക്കുന്നത്. 2021 ഓഗസ്റ്റിലാണ് അസുഖബാധിതനായി നൗഷാദ് മരിക്കുന്നത്. അതിന് രണ്ടാഴ്ച മുന്‍പ് ഭാര്യ ഷീബയും അസുഖത്തെ തുടര്‍ന്ന് മരിച്ചു.

Back to top button
error: