കണ്ണൂർ: കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്പോട്ട്, കഫേ മൈസോൺ, ഫുഡ് ബേ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാലു ഹോട്ടലുകളിൽ നിന്നാണ് കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയിരുന്നു, പഴകിയ ഭക്ഷണം പിടികൂടിയ നാലു സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ഈ ഹോട്ടലുകളിൽ നിന്ന് പിഴ ഇടാക്കും. അതേസമയം ഇരുപത് രൂപയ്ക്ക് ഊണ് നൽകിയ വകയിൽ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ സബ് സിഡിയിനത്തിൽ നൽകാനുള്ളത് കോടികളാണ്. ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകളുള്ള മലപ്പുറത്ത് എട്ട് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു.
സബ്സിഡി സംവിധാനം കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് നിർത്തലാക്കിയിരുന്നു. 144 ജനകീയ ഹോട്ടലുകളുള്ള മലപ്പുറത്ത് കടുത്ത പ്രതിസന്ധിയിലാണ് നടത്തിപ്പുകാരായ വനിതകൾ. എട്ട് മാസത്തെ കുടിശ്ശിക ലഭിക്കാനുള്ള ഹോട്ടലുകളുണ്ട്. സബ് സിഡി നിർത്തലാക്കിയതോടെ ആളുകളുടെ വരവും കുറഞ്ഞുവെന്ന് നടത്തിപ്പുകാർ വിശദമാക്കുന്നത്.