IndiaNEWS

കശ്മീരി ഭീകരന്‍ യാസിന്‍ മാലിക്കിന്റെ ഭാര്യ പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഇസ്ലാമാബാദ്: ഇന്ത്യയില്‍ തടവില്‍ കഴിയുന്ന കശ്മീര്‍ ഭീകരന്‍ യാസിന്‍ മാലിക്കിന്റെ ഭാര്യയെ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാക്കി നിയമിച്ച. തിരഞ്ഞെടുപ്പ് വരെ പാക്കിസ്ഥാന്‍ ഭരിക്കുന്ന കെയര്‍ടേക്കര്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാകറുടെ ഉപദേഷ്ടാവായാണ് മുഷാല്‍ ഹുസൈല്‍ മാലിക്കിനെ നിയമിച്ചത്. മനുഷ്യാവകാശ, സ്ത്രീ ശാക്തീകരണ മേഖലകളില്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് മുഷാലിന്റെ കര്‍ത്തവ്യം.

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) എന്ന സംഘടനയുടെ അധ്യക്ഷനാണ് യാസിന്‍ മാലിക്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശിയായ കലാകാരി മുഷാലുമായി 2009 ലായിരുന്നു മാലിക്കിന്റെ വിവാഹം. 2005ല്‍ യാസിന്‍ മാലിക്കിന്റെ പാക്ക് സന്ദര്‍ശനത്തിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. നിലവില്‍ മുഷാലും മകളും ഇസ്ലാമാബാദിലാണ് കഴിയുന്നത്. 1985ല്‍ ജനിച്ച മുഷാല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.

Signature-ad

ഭീകര ഫണ്ടിങ് കേസില്‍ വിചാരണക്കോടതി മേയ് മാസത്തില്‍ യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. യാസിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് യാസിന്‍ മാലിക്.

Back to top button
error: