കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം സിഎന്‍ഐ എല്‍.പി. സ്കൂളിലെ പ്രധാനധ്യാപകന് സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ഒമ്പത് മണിയോടെ കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത് മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നല്‍കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്.
അതേസമയം, കൈക്കൂലിക്കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും. തലശേരി വിജിലന്‍സ് കോടതിയാണ് തടവും പിഴയും വിധിച്ചത്. കണ്ണൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെ.എം രഘു ലാധരനെതിരെയാണ് വിധി. ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുന്നത്.
2011 നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സബ് രജിസ്ട്രാര്‍ പദവിയിലായിരുന്ന രഘു ലാധരന്‍ കൈക്കൂലി വാങ്ങുകയായിരുന്നു. പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു ഇയാളുടെ പേരില്‍ വില്പത്രം അനുസരിച്ച് മാറ്റി രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നതിനായാണ് ആയിരം രൂപ കൈക്കൂലി വാങ്ങിയത്. ഈ കേസിലാണ് കോടതിവിധിയില്‍ ഇയാള്‍ക്ക് തടവും പിഴയും ലഭിച്ചത്.