തിരുവനന്തപുരം: ഗൂഢാലോചനയിലൂടെയാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 വർഷമായിട്ടും വ്യക്തിവോട്ടുകൾ രാഷ്ട്രീയ വോട്ട് ആക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരു വട്ടം ചക്ക വീണ് മുയൽ ചത്ത് എന്ന് കരുതി എല്ലാവട്ടവും ഉണ്ടാകില്ലെന്നും പിസി ചാക്കോ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
അതിനിടെ, ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി. പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.