MovieNEWS

ഡാന്‍സ് കളിച്ച് ചിരിപ്പിച്ച വില്ലന്‍; ‘ജയിലര്‍’ വിജയാഘോഷങ്ങള്‍ക്കിടയില്‍ നൊമ്പരമായി ഡാന്‍സര്‍ രമേശ്

ജിനികാന്തിന്റെ ജയിലര്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം 300 കോടിയാണ് നേടിയത്. ജയിലറിലെ ഓരോ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്‌ക്രീനില്‍ വന്നവരെല്ലാം പൊളിച്ചടുക്കി എന്ന് തന്നെയാണ് സിനിമ കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം. മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ്കുമാര്‍, വിനായകന്‍ അങ്ങനെ എല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ് തന്നെയായിരുന്നു.

ജയിലറിന്റെ വിജയത്തിലുള്ള സന്തോഷത്തിനിടയിലും പ്രേക്ഷകരുടെയെല്ലാം നൊമ്പരമായി മാറിയിരിക്കുകയാണ് ഡാന്‍സര്‍ രമേശ്. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ ഗ്യാങില്‍പ്പെടുന്ന ഡാന്‍സ് കളിക്കുന്ന വില്ലന്‍. രമേശ് അവതരിപ്പിച്ച ഈ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍, തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഈ പേരും പ്രശസ്തിയും കാണാന്‍ രമേശ് ഇന്നില്ല. ജനുവരിയിലായിരുന്നു രമേശ് മരണപ്പെട്ടത്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നിവയിലൂടെയായിരുന്നു രമേശ് പ്രശസ്തനായത്.

Signature-ad

ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു രമേശിന്. ആത്മഹത്യയായിരുന്നുവെന്ന് പിന്നീട് പോലീസ് അറിയിച്ചു. മരണത്തിന് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് രമേശ് രജിനിക്കൊപ്പം അഭിനയിച്ചത്. സീ തമിഴിലെ ഡാന്‍സ് ജോഡി ഡാന്‍സ് റീലോഡഡ് തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും രമേശ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ എച്ച് വിനോദ് സംവിധാനം ചെയ്ത അജിത് കുമാര്‍ നായകനായെത്തിയ തുനിവിലും രമേശ് അഭിനയിച്ചിരുന്നു.

ജയിലറിലെ രമേശിന്റെ ഗുണ്ട കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. രജിനികാന്തിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളിലെ രമേശിന്റെ ടൈമിങ്ങിനേക്കുറിച്ചും പ്രേക്ഷകര്‍ പറയുന്നുണ്ട്. മൈക്കിള്‍ ജാക്‌സന്റെ മൂണ്‍വാക്ക് അവതരിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.

 

 

 

 

Back to top button
error: