Breaking NewsKeralaLead NewsNEWS

സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

ചവറ (കൊല്ലം) : സ്വർണ്ണ വില വർദ്ധിച്ചതോടെ കള്ളന്മാരെ പേ‍ടിച്ചു പാഠപുസ്തകത്തിൽ‍ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ പിന്നെയെത്തിയത് ആക്രിക്കടയിൽ. പഴയ പുസ്തകങ്ങൾ വിറ്റതിനൊപ്പം സ്വർണ്ണവും ആ കൂടെയായി. സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് ആക്രിക്കാർ വന്നുപോയതിന്റെ മൂന്നാം നാൾ. ഉടൻ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ 4 ഗ്രാം ഒഴികെയുള്ള ആഭരണങ്ങൾ കണ്ടെത്തി.

തിരച്ചിലിനിടെ 2 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ ജംക്‌ഷനിൽ എ.നിസാറിന്റെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ എത്തിച്ചു വിറ്റത്.

Signature-ad

23ന് രാവിലെ വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തിൽ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്. ഉടൻ കടയിൽ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉൾപ്പെടെ സാധനങ്ങൾ മറ്റ് ആക്രികൾക്കൊപ്പം മാറ്റിയിരുന്നു.

വീട്ടുകാരും 5 തൊഴിലാളികളും ആക്രിക്കൂമ്പാരത്തിൽ വൈകിട്ടു വരെ നടത്തിയ തിരച്ചിലിൽ പെട്ടിയിൽനിന്നു പുറത്തുവീണ കമ്മൽ, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടർന്ന തിരച്ചിലിൽ പെട്ടിക്കുള്ളിൽ നിന്നും മാലയും കണ്ടെത്തി. എന്നാൽ, 4 ഗ്രാം ആഭരണങ്ങൾ കണ്ടെത്താനായില്ല. വീണ്ടെടുത്ത സ്വർണം കടയുടമ നിസാർ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ വച്ച് ഉമ്മർകുട്ടിയുടെ ഭാര്യ എം.എസ്.അനിതയ്ക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: