ആണവ ചർച്ച പിന്നീട് നടത്താം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറന്ന് യുദ്ധം അവസാനിപ്പിക്കാം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ഇറാൻ!! വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം ഉടൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ പുതിയ നിർദേശം മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇപ്പോഴുള്ള അമേരിക്ക- ഇറാൻ സംഘർഷത്തിനിടെ ഇറാൻ കൈക്കൊണ്ട ഈ നിർദേശേ നയതന്ത്രപരമായി നിർണായകമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചത്. മാത്രമല്ല ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് ഇത്തരമൊരു നിർദേശം ഇറാൻ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ axios റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വിവരങ്ങൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതും സംഘർഷം കുറയ്ക്കുന്നതിനുള്ള ആദ്യഘട്ട നീക്കമായിരിക്കും. ഇത് ഘട്ടംഘട്ടമായ നയതന്ത്ര സമീപനത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്. അതേസമയം ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം വിളിക്കാനിരിക്കുകയാണ്. ഈ യോഗം ഇറാന്റെ നിർദേശത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ റദ്ദായതോടെ നയതന്ത്ര ശ്രമങ്ങൾ മന്ദഗതിയിലായെന്ന ആശങ്ക ഉയർന്നിരുന്നു. അബ്ബാസ് അരഗ്ചി, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തി പുതിയ ഇടനാഴികൾ അന്വേഷിക്കുകയാണ്. പാക്കിസ്ഥാൻ, ഒമാൻ എന്നിവിടങ്ങളിലെ മധ്യസ്ഥരുമായും ആശയവിനിമയം തുടരുകയാണ്.
എന്നാൽ ആണവ വിഷയത്തിൽ എന്ത് വിട്ടുവീഴ്ചകൾ ചെയ്യണമെന്ന കാര്യത്തിൽ ഇറാനിയൻ നേതൃത്വത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ പുതിയ നിർദേശത്തെ കാണുന്നത്. പക്ഷെ ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുന്നത് ഭാവി ചർച്ചകളിൽ സ്വാധീനം കുറയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നും യുഎസ് കരുതുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇറാനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിദേശനയ ടീമിലെ അംഗങ്ങളുമായും ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
ഹോർമുസ് തുറക്കുക വഴി ആദ്യം ഉപരോധം നീക്കുക. ഒപ്പം വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടുകയോ അല്ലെങ്കിൽ ഇരു കക്ഷികളും യുദ്ധത്തിൽ നിന്ന് സ്ഥിരം വിടുതലിന് സമ്മതിക്കുകയോ ചെയ്യും. കടലിടുക്ക് തുറന്നതിന് ശേഷവും ഉപരോധം പിൻവലിച്ചതിന് ശേഷവും മാത്രമായിരിക്കും ആണവ ചർച്ചകൾ ആരംഭിക്കുക. എന്നാൽ ഈ നിർദേശം യുഎസ് പരിഗണിക്കുമോ എന്നത് വ്യക്തമല്ല.
ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇറാനിയൻ എണ്ണ കയറ്റുമതിയെ തടയുന്ന നാവിക ഉപരോധം തുടരാൻ താൻ ആഗ്രഹിക്കുന്നതായി ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ എണ്ണ കയറ്റി അയക്കാൻ കഴിയാതെ വരുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇറാൻ വഴങ്ങുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, വാഷിംഗ്ടണിൽ നടന്ന വെടിവെപ്പ് സംഭവം ഉൾപ്പെടെയുള്ള ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ ഇറാൻ വിഷയത്തിൽ അമേരിക്കയുടെ ശ്രദ്ധ തിരിച്ചുവിടില്ലെന്ന് ട്രംപ് വ്യക്തമാക്കി.






