ന്യൂഡല്‍ഹി: പാഠപുസ്തകം തയ്യാറാക്കാന്‍ 19 അംഗ സമിതിയെ തീരുമാനിച്ച് എന്‍സിഇആര്‍ടി. മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്‌കരിക്കും. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ ഗായകന്‍ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉള്‍പ്പെടുത്തി. എന്‍സിഇആര്‍ടി പാഠപുസ്‌കത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു.
പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
നേരത്തേ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കപ്പെട്ടു. വലിയ എതിര്‍പ്പുയര്‍ന്നിട്ടും നടപടികളുമായി എന്‍സിഇആര്‍ടി മുന്നോട്ട് പോകുകയായിരുന്നു.