ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളായ ഇന്ത്യൻ പീനല്‍ കോഡ്(ഐപിസി) ക്രിമിനല്‍ നടപടി ചട്ടം(സിആര്‍പിസി), ഇന്ത്യൻ തെളിവ് നിയമം(ഐഇഎ) എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഭാരതീയ ന്യായ സംഹിത 2023, നാഗരിക സുരക്ഷാ സംഹിത 2023, സാക്ഷ്യ ബില്‍ 2023 എന്നിവയാണ് പകരം വരുന്നത്. നീതി ഉറപ്പിക്കാനാണ് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് അമിത് ഷാ അറിയിച്ചു.
ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഐ പി സി അടക്കമുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അത്, അല്ലാതെ നീതി നല്‍കാനുള്ളതല്ല. ഇന്ത്യൻ പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് പുതിയ നിയമങ്ങള്‍. ശിക്ഷിക്കുകയല്ല, നീതി ലഭ്യമാക്കുക എന്നതായിരിക്കും ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.