KeralaNEWS

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുതുപ്പള്ളിയില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങിയിരുന്നവർ 21,007, ഇന്ന് 34,932 ഗുണഭോക്താക്കൾ; ക്ഷേമപെന്‍ഷന്‍ തുകകളും കണക്കുകളും തമ്മിലുള്ള താരമത്യക്കുറിപ്പുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഉമ്മൻചാണ്ടി ഭരണക്കാലത്തെയും ഇടതുമുന്നണി ഭരണക്കാലത്തെയും ക്ഷേമപെൻഷൻ തുകകൾ തമ്മിലുള്ള താരമത്യക്കുറിപ്പുമായി മുൻമന്ത്രി തോമസ് ഐസക്ക്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇന്ന് മണ്ഡലത്തിൽ 34,932 ഗുണഭോക്താക്കളുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്കിന്റെ കുറിപ്പ്: ”ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന. ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന. അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.”

Signature-ad

”വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീർത്തു. പെൻഷൻ 500 രൂപയായി ഉയർത്തിയത് വിഎസ് സർക്കാരാണ്. ചുരുക്കത്തിൽ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതി പുലർത്തിയിട്ടുള്ളത്.?”

പുതുപ്പള്ളി സർക്കാർ സ്‌കൂളിന്റെ മാറ്റങ്ങൾ താരതമ്യം ചെയ്തും തോമസ് ഐസക്ക് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള പുതുപ്പള്ളി സെന്റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ അവസ്ഥയും ഇന്നത്തെ മാറ്റവുമാണ് തോമസ് ഐസക്ക് ചിത്രങ്ങളിലൂടെ പങ്കുവച്ചത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വികസനമില്ലാതെ കിടന്ന സ്‌കൂൾ, പിണറായി സർക്കാരിന്റെ കാലത്ത് ഡിജിറ്റൽ സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് മാറിയെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു.

2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്‌കൂൾ കെട്ടിടത്തിന് 15 പുതിയ ക്ലാസ് മുറികൾ, 7 ലാബുകൾ, പ്രിൻസിപ്പൽ – പ്രഥമാധ്യാപകരുടെ മുറികൾ, സ്റ്റാഫ് മുറി, ലൈബ്രറി, റോഡിയോ വിഷ്വൽ റൂം, കൗൺസിലിംഗ് സെന്റർ, കമ്മ്യൂണിറ്റി ഏരിയ, പുതിയ ശുചിമുറികൾ, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസമെന്നും ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യമെന്നും ഐസക്ക് അഭിപ്രായപ്പെട്ടിരുന്നു.

Back to top button
error: