നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആയിരുന്നു സംവിധായകൻ സിദ്ധീഖിനെ ബാധിച്ച രോഗം. രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റി വയ്ക്കണമെന്ന അവസ്ഥ വരെയായി. കരള്‍ പകുത്തുനല്‍കാൻ മകള്‍ തയ്യാറായിരുന്നുവെന്നും കരള്‍ മാറ്റി വയ്ക്കലിനുള്ള ഒരുക്കങ്ങള്‍ ഇവര്‍ നടത്തിയിരുന്നു എന്നുമാണ് അറിയുന്നത്. എന്നാലിതിന് കാത്തുനില്‍ക്കാതെ പ്രിയസംവിധായകൻ വിടവാങ്ങുകയായിരുന്നു.
കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് സാധാരണയായി രണ്ടു തരം ഉണ്ട്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും പറയും.
നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിന്റെ പ്രധാന കാരണം വ്യായാമക്കുറവും അമിതഭക്ഷണവും അല്ലെങ്കിൽ സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുകയോ ഒക്കെയാണ്.ഇത് അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും സാധാരണയായി കാണുന്നു.
നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന അവസ്ഥയ്ക്കു പല ഘട്ടങ്ങൾ ഉണ്ട്. ആദ്യഘട്ടമാണ് കരളിൽ കൊഴുപ്പ് അടിയുക. അമിതവണ്ണം ഉള്ളവരിൽ 40 മുതൽ 90 ശതമാനം വരെ ഇത് കാണപ്പെടുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവരിൽ 10 മുതൽ 20% വരെ ഉള്ളവരിൽ ഇത് നോൺ ആൽക്കഹോളിക് സ്റ്റിയറ്റോറ്റിക് ഹെപ്പറ്റൈറ്റിസ് (NASH) എന്ന കരൾ കോശങ്ങൾ കേടാവുന്ന അവസ്ഥയിൽ എത്തുന്നു. ഈ രണ്ടു പ്രശ്നങ്ങളും ജീവിതശൈലീ നിയന്ത്രണങ്ങൾ കൊണ്ടും ഒപ്പം ചില മരുന്നുകൾ കൊണ്ടും പൂർണമായി മാറ്റാൻ കഴിയും.
ആദ്യ അവസ്ഥയിൽ നിന്നു മൂന്നു മുതൽ പതിനഞ്ചു ശതമാനം ആളുകൾ സിറോസിസ് എന്ന രോഗാവസ്ഥയിൽ എത്തിച്ചേരും. ഈ സ്ഥിതിയിൽ നിന്നും കരളിനെ പൂർവ സ്ഥിതിയിൽ എത്തിക്കുക അസാധ്യമാണ്. സിറോസിസ് വന്നവരിൽ രണ്ടു മുതൽ അഞ്ചു ശതമാനം പേരിൽ ലിവർ കാൻസർ വരാനും സാധ്യതയുണ്ട്.
ലിവർ ഫങ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ കണ്ടുപിടിക്കാം. ഈ അവസ്ഥ പ്രത്യേകമായ രോഗലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ട് അമിതവണ്ണമുള്ളവരും പ്രമേഹമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്കിടെ ടെസ്റ്റുകൾ ചെയ്തുനോക്കുന്നത് നല്ലതാണ്.