
പത്തനംതിട്ട: ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്കു സമീപം കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ മാത്യു (23) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. ജെഫിന്‍ ഓടിച്ച കാര്‍ ട്രെയിലറിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടമെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. റേഡിയോളജി പഠിച്ച ശേഷം പ്ലേസ്‌മെന്റ് ലഭിച്ചിരുന്നു. ജോലി സ്ഥലത്തുനിന്ന് യൂണിവേഴ്‌സിറ്റിയിലേക്കു പോകുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ വാഗവാഗയില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ ഗുണ്ടഗൈ എന്ന സ്ഥലത്താണ് അപകടം നടന്നത്. അഡലെയ്ഡിലാണ് ജെഫിനും കുടുംബവും താമസിക്കുന്നത്. ഇവിടെ നിന്ന് 12 മണിക്കൂര്‍ യാത്ര ചെയ്ത് വേണം അപകട സ്ഥലത്ത് എത്താന്‍. 15 വര്‍ഷമായി ജെഫിന്റെ കുടുംബം സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാണ്. കുടുംബാംഗങ്ങള്‍ ആറുമാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ജെഫിന്‍ നാട്ടില്‍ എത്തിയിട്ട് ഒരു വര്‍ഷമായി.
കുടുംബാംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 1500 കിലോമീറ്റര്‍ അകലെയാണ് ജെഫിന്‍ ജോലി ചെയ്യുന്നത്. ജെഫിന്റെ മൃതദേഹം ജന്മദേശമായ ചിറ്റാറിലേക്ക് കൊണ്ടു വരുമെന്ന് ആദ്യം വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് തീരുമാനം ഒന്നുമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ് ആന്‍സി. അഡലെയ്ഡില്‍ വിദ്യാര്‍ത്ഥിയായ ജിയോണ്‍ സഹോദരനാണ്. സംസ്‌കാരം പിന്നീട്.






