തിരുവനന്തപുരം : ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ സർക്കാർ ശുപാർശ. പ്രതിപക്ഷ നേതാവിന്റെ വിയോജനകുറിപ്പ് തള്ളിക്കൊണ്ടാണ് ഉന്നത സമിതി തീരുമാനം. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവുമാണ് സമിതിയിലുള്ളത്. ഇതിൽ സ്പീക്കർ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷക്കുന്നതിനെ അനുകൂലിച്ചപ്പോൾ, പ്രതിപക്ഷനേതാവ് വിഡി സതീശൻ എതിർക്കുകയായിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാർ അഴിമതി കേസുകളിൽ സർക്കാറിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണം കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. വിരമിച്ച ശേഷം മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു. മണികുമാറിന്റെ നിയമനത്തിനെതിരെ ഗവർണറുടെ മുന്നിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഗവർണർക്ക് പരാതി നൽകിയിരുന്നു. സർക്കാർ ശുപാർശയിൽ ഗവർണറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.