KeralaNEWS

കോതമംഗലത്ത് വെട്ടിനശിപ്പിച്ചത് ഓണവിപണി ലക്ഷ്യമിട്ടുള്ള വാഴകൃഷി; കെ.എസ്.ഇ.ബി വരുത്തിയത് നാലു ലക്ഷത്തിന്റെ നഷ്ടം

എറണാകുളം: കോതമംഗലത്ത് കുലച്ചുനിന്ന നാനൂറിലധികം വാഴകള്‍ കെഎസ്ഇബി വെട്ടിനശിപ്പിച്ചത് വിവാദമാകുന്നു. കോതമംഗലം സ്വദേശിയായ അനീഷിന്റെ കൃഷിയിടത്തിലെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി അധികൃതര്‍ വെള്ളിയാഴ്ച്ച ഉച്ചയോടെയെത്തി വെട്ടിമാറ്റിയത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് ഭീക്ഷണിയാകും എന്ന കാരണം പറഞ്ഞാണ് കുലച്ചുനിന്ന വാഴകള്‍ അധികൃതര്‍ വെട്ടിനശിപ്പിച്ചത്.

യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ വാഴകള്‍ വെട്ടിമാറ്റിയതെന്ന് കര്‍ഷകന്‍ അനീഷ് പറഞ്ഞു. വാഴകൃഷിക്ക് മുകളിലൂടെ ഹൈടെന്‍ഷന്‍ വൈദ്യുതി ഇലക്ട്രിക്ക് ലൈന്‍ ഇട്ടിരുന്നു. ഈ ലൈനുകളിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന വാഴകള്‍ തട്ടുന്നു എന്നതാണ് ഇവ മുറിച്ചു നിക്കാനുള്ള കാരണമായി കെഎസ്ഇബി പറയുന്നത്.

Signature-ad

220 കെവി ലൈനിനു താഴേ വാഴ ഉള്‍പ്പെടെയുള്ള ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന അനീഷിനെ അറിയാക്കാതെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വാഴകള്‍ വെട്ടിമാറ്റിയത്. ടവര്‍ ലൈനിന് കീഴില്‍ നിശ്ചിത അകലം ഉറപ്പാക്കി വീട് വെയ്ക്കാന്‍പോലും അതുമതിയുണ്ട്. ഉയരം വെയ്ക്കുന്ന മരങ്ങള്‍ നടാന്‍ പാടില്ലെന്ന നിയമാണുള്ളത്.

ഓണവിപണി മുന്നില്‍ കണ്ടായിരുന്നു കര്‍ഷകനായ അനീഷ് 400 ലധികം വാഴകള്‍ തന്റെ കൃഷിയിടത്തില്‍ നട്ടത്. ഇതില്‍ വെട്ടിമാറ്റിയ വാഴകള്‍ പലതും കുലച്ച വാഴകളായിരുന്നു. മൊത്തം നാല് ലക്ഷം രൂപയുടെ നാശനഷ്ടമാണ് അനീഷിനുണ്ടായത്. അതേസമയം വാഴയുടെ ഇലയും തണ്ടും മുറിച്ചാല്‍ തീരുന്ന പ്രശ്‌നമാണ് ഇതെന്നും, എന്തെങ്കിലും മുന്നറിയിപ്പ് ലഭിച്ചിരുന്നേല്‍ താന്‍ തന്നെ അത് മുറിച്ച് നീക്കുമായിരുന്നു എന്നും കര്‍ഷകനായ അനീഷ് പറഞ്ഞു.

എന്നാല്‍, മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നത്. മൂലമറ്റത്ത് നിന്നെത്തിയ സംഘമാണ് വാഴകള്‍ വെട്ടിമാറ്റിയതെന്നാണ് അറിയുന്നത്. തോട്ടത്തിലെ വാഴകളിലൊന്ന് ലൈനില്‍ മുട്ടിയത് മൂലം ലൈനില്‍ തകരാറുണ്ടായതാണ് ഇവര്‍ പറയുന്നത്.
അതേസമയം, സംഭവത്തില്‍ വിശദീകരണം തേടിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. വിമര്‍ശനവുമായി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം. കൃഷി മന്ത്രിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Back to top button
error: