സ്ത്രീകൾ ഇന്നും പുരുഷന്റെ കളിപ്പാട്ടങ്ങളാണ്. സ്ത്രീധന പീഡനങ്ങളും ലൈംഗീകാതിക്രമങ്ങളും പതിവ് സംഭവങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച ഭര്‍ത്താവ് തൃശൂരിൽ അറസ്റ്റിലായി. കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫ് ആണ് അറസ്റ്റിലായത്.
കോഴിക്കോട് താമരശേരി പൊലീസിന്റേതാണ് നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്കൊപ്പം താമരശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് രണ്ടുമാസം ഗര്‍ഭിണിയായ 19കാരി ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചത്. തടഞ്ഞുവെച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്.
സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. എന്നാൽ നല്കിയ സ്വര്‍ണമെല്ലാം അല്‍ത്താഫ് വിറ്റിരുന്നു. അല്‍ത്താഫിന്റെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും പിന്നീട് വിവാഹേതരബന്ധം ആരോപിച്ചു മര്‍ദ്ദിക്കുമായിരുന്നു എന്നും കുടുംബം ആരോപിച്ചു.
മര്‍ദ്ദനത്തില്‍ യുവതിക്ക് ഗുരുതര പരുക്കുകളേറ്റു. തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ഇരുകാലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മുന്‍പും നിരവധി തവണ യുവതിക്ക് ഭർത്താവിന്റെ മര്‍ദ്ദനമേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. താമരശേരി കോടതി അല്‍ത്താഫിനെ റിമാന്‍ഡ് ചെയ്തു.
പിണങ്ങി കഴിയുന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ യുവാവ് അറസ്റ്റിൽ . മുഖത്തും കൈക്കും പൊള്ളലേറ്റ പത്തനാപുരം മാങ്കോട് ഒരിപ്പുറം കോളനിയിൽ ശോഭ ഭവനിൽ ശോഭയെ(41) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് ഇടത്തറ പൂവണ്ണുംമൂട്ടിൽ സന്തോഷിനെ(45) പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷമായി പിണങ്ങി കഴിയുകയാണ് ഇരുവരും. കഴിഞ്ഞ ദിവസം പുരയിടത്തിൽ പുല്ല് ചെത്തുകയായിരുന്ന ശോഭയെ അവിടെയെത്തിയ സന്തോഷ് അസഭ്യം പറഞ്ഞ ശേഷം റബർഷീറ്റ് ഉറയൊഴിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ശോഭയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി മധുവിനെ സന്തോഷ് കയ്യിൽ കരുതിയ ടാപ്പിങ് കത്തി ഉപയോഗിച്ച് ആക്രമിച്ചു. മധുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്ഐ ശരലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.