കണ്ണൂര്‍: ക്ഷേത്ര ഭണ്ഡാരത്തില്‍ ഭക്തന്‍മാര്‍ കാണിക്കപ്പണം ഇടുന്നില്ലെന്ന പരാതിയുമായി മോഷ്ടാവ്. വളരെ ദൂരെ നിന്നും താന്‍ വരികയാണെന്നും അതുകൊണ്ടു ഒന്നോ രണ്ടോ ദണ്ഡാരങ്ങള്‍ കുത്തി തുറന്നാല്‍ മുതലാവില്ലെന്നും മോഷ്ടാവ് പറഞ്ഞത് തെളിവെടുപ്പിനായി കൊണ്ടുവന്ന പോലീസുകാരെയും ചിരിപ്പിച്ചു.
മാഹിക്കടുത്തെ അഴിയൂര്‍ ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവര്‍ന്ന് പണമെടുത്തത്. സംഭവത്തില്‍ മട്ടന്നൂര്‍ പേരോറ പുതിയ പുരയില്‍ രാജീവന്‍ എന്ന സജീവന്‍ (44) ആണ് അറസ്റ്റിലായത്. എന്നാല്‍, ഭണ്ഡാരം കുത്തി തുറന്നിട്ട് പണമൊന്നും ലഭിച്ചിട്ടില്ലെന്നും ഈ പ്രദേശത്ത് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഭണ്ഡാരത്തില്‍ പണം ഇടുന്ന ശീലമില്ലെന്നുമായിരുന്നു പിന്നീട് പോലീസ് പിടിയിലായ രാജീവന്റെ വാദം.
ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസി ടിവി ഇല്ലായിരുന്നു പിന്നീടാണ് ഇത് സ്ഥാപിച്ചത് . സി സി ടി വി യില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
രാമായണ മാസാചാരണം നടക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ ഒരുപാടാളുകള്‍ വരുമെന്ന വിശ്വാസത്തിലാണ് അങ്ങ് മട്ടന്നുരില്‍നിന്നും താന്‍ വന്നതെന്നും എന്നാല്‍, രണ്ടു ഭണ്ഡാരങ്ങള്‍ കുത്തി തുറന്നിട്ടും പണമൊന്നും കിട്ടിയില്ലെന്നുമാണ് രാജീവന്റെ പരാതി. താന്‍ അങ്ങ് ദൂരെ മട്ടന്നൂരില്‍ നിന്നാണ് വരുന്നത് ചില്ലറ പൈസ പോലും ഭണ്ഡാരം കുത്തി തുറന്നിട്ടു കിട്ടിയില്ലെന്നും രാജീവന്‍ പോലീസിനോട് മൊഴി നല്‍കി. തെളിവെടുപ്പുമായി പൂര്‍ണമായി സഹകരിച്ച രാജിവനെ വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.