ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചത്തിന് സാധിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. രാമച്ചത്തിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകള്‍, വിരികള്‍, ചെരിപ്പുകള്‍, വിശറി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്.
ചര്‍മ്മരോഗങ്ങള്‍ മാറുന്നതിന് രാമച്ചവേര് സമം മഞ്ഞളും ചേര്‍ത്ത് പുരട്ടുക. ശരീരത്തിന്റെ അധികമായ ദുര്‍ഗന്ധം, വിയര്‍പ്പ് എന്നിവയ്ക്ക് രാമച്ചം അരച്ച് പുരട്ടുക. രാമച്ചവേര് മണ്‍കുടത്തില്‍ ഇട്ട വെള്ളം കുടിച്ചാല്‍ ശരീരത്തിന് തണുപ്പ് ഉണ്ടാകുകയും ക്ഷീണം ഇല്ലാതാകുകയും ചെയ്യും. രാമച്ച വേര് പഞ്ചസാരയും താതിരിപ്പൂവും ശുദ്ധജലവും ചേര്‍ത്ത് കെട്ടിവെച്ച് വൈന്‍ ഉണ്ടാക്കി ദിവസവും കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കുകയും ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും.
രാമച്ചം, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, ചുക്ക് എന്നിവ സമം ചേര്‍ത്ത് കഷായം വെച്ചു കുടിച്ചാല്‍ പനിമാറും. രാമച്ചവേര് പൊടിച്ചതും രക്തചന്ദനപൊടിയും സമമായി എടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരരോമകൂപങ്ങളില്‍ കൂടി രക്തം പോകുന്നത് തടയും. രാമച്ചത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന തൈലം ദേഹത്ത് പുരട്ടിയാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും
ചാവക്കാട് മുതല്‍ പാലപ്പെട്ടി വെളിയങ്കോട് വരെയുള്ള കടല്‍ തീരങ്ങളിലെ പ്രാധന കാര്‍ഷിക വിളയാണ് രാമച്ചം. ഈ ഔഷധ സസ്യത്തെ രാജ്യാന്തര വിപണിയിലെത്തിക്കാന്‍ കൃഷി വകുപ്പ് ശ്രമമാരംഭിച്ചു. ചാവക്കാടന്‍ രാമച്ചമെന്ന പേരില്‍ ഭൗമസൂചിക പദവിനേടാനുള്ള പഠനങ്ങള്‍ ആരംഭിക്കുവാനാണ് നീക്കം. മണ്ണുത്തിയില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തുക.
ഉല്‍പ്പനത്തിന്റെ ഗുണമേന്മ, ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ബന്ധപെട്ടിട്ടുള്ളതാണ് എങ്കിലേ ഭൗമസൂചിക പദവില്‍ ഇടം ലഭിക്കു. ചാവക്കാട് മുതല്‍ പാലപ്പെട്ടി വെളിയങ്കോട് വരെ ഏകദേശം 200 ഏക്കറോളം കൃഷിയുണ്ടെന്നാണ് കണക്ക്.
മണൽകലർന്ന വളക്കൂറുള്ള മണ്ണിലാണ് രാമച്ചം വളരുക. നല്ലമഴയും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലങ്ങൾ കൂടുതൽ നന്ന്. രാമച്ചം രണ്ടിനമുണ്ട്. തെക്കെ ഇന്ത്യനും വടക്കെ ഇന്ത്യനും. തെക്കെ ഇന്ത്യനിലാണ് തൈലം കൂടുതൽകിട്ടുന്നത്. വടക്കെ ഇന്ത്യൻ ഇനങ്ങളുടെ തൈലം ഏറെ മേന്മയുള്ളതായിരിക്കും. മുൻവിളയിൽ നിന്നെടുക്കുന്ന ചിനപ്പുകൾ (കടകൾ) നട്ടാണ് കൃഷി. ഈ ഘട്ടത്തിൽ നനച്ചു കൊടുക്കുക എന്നത് പ്രധാനമാണ്. ജൂൺമുതൽ ഓഗസ്റ്റ് ആദ്യംവരെയുള്ള സമയമാണ് കൃഷിക്ക് നല്ലത്.
നട്ട് ഒന്നരവർഷമായാൽ വിളവെടുക്കാം. ഈ സമയം ഓലകൾക്ക് ഇളംമഞ്ഞ നിറമാകും. മണ്ണിനുമുകളിലുള്ള ഭാഗം മുറിച്ചുനീക്കി വേരോടുകൂടി ചുവട് കിളച്ചെടുക്കാം. ഇത് കഴുകി വൃത്തിയാക്കി മണ്ണുമാറ്റി സൂക്ഷിക്കാം. വേരിനാണ് വിലയെന്നതിനാൽ പ്രത്യേക ശ്രദ്ധവേണം