പനാജി: മറാഠാ രാജാവായിരുന്ന ശിവാജിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് ഗോവയില്‍ ക്രിസ്ത്യൻ പുരോഹിതനെതിരെ കേസ്.ഫാ. ബോല്‍മാക്സ് പെരേരയ്ക്ക് എതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുത്തിരിക്കുന്നത്.
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണു നടപടി.വാസ്കോ പൊലീസ് ആണ് പുരോഹിതനെതിരെ കേസെടുത്തത്. നഗരത്തിനടുത്തുള്ള ചിക്കാലിമിലെ കത്തോലിക്കാ പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ശിവാജിയെ ദൈവമായി കാണാൻ പറ്റില്ലെന്നു പള്ളിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ വിവാദമാക്കിയത്. ദക്ഷിണ ഗോവയിലെ കുൻകോലിം, കനാകോണ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പെരേരയ്ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു.
പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്രങ്ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി. വാസ്കോ പൊലീസ് സ്റ്റേഷനിലേക്ക് നൂറുകണക്കിനു പ്രവര്‍ത്തകരുമായി ബജ്രങ്ദള്‍ മാര്‍ച്ച് നടത്തി.