ചെന്നൈ: വിധവയും മക്കളും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു വിലക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ഇത്തരം പുരാതന വിശ്വാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീക്ക് സ്വന്തമായി ഒരു പദവിയും വ്യക്തിത്വവും ഉണ്ടെന്നും അവരുടെ വൈവാഹിക സ്ഥിതിയെ ആശ്രയിച്ച് അതു തരംതാഴ്ത്താനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട് ഈറോഡ് ജില്ലയിലെ നമ്പിയൂര്‍ താലൂക്കിലെ പെരിയകറുപാറയന്‍ ക്ഷേത്രത്തിലാണ് വിധവയായ തങ്കമണിക്കും മകനും പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ക്ഷേത്ര പൂജാരിയായിരുന്ന തങ്കമണിയുടെ ഭര്‍ത്താവ് പൊങ്ങിയണ്ണന്‍ 2017ലാണ് മരിച്ചത്. മക്കളായ എം.അയ്യാവു, എം മുരളി എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ പോയപ്പോള്‍ വിധവയായതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞെന്നാണ് പരാതി. ഓഗസ്റ്റ് 9, 10 തീയതികളിലെ ഉത്സവത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
തങ്കമണിയെയും മക്കളെയും ക്ഷേത്രത്തില്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കിടേഷ് ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളോട് നിര്‍ദേശിച്ചു. ”സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഈ അര്‍ഥശൂന്യമായ വിശ്വാസങ്ങളെയെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചില ഗ്രാമങ്ങളില്‍ ഇതു തുടരുന്നു. പുരുഷന്‍ തന്റെ സൗകര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ പിടിവാശികളും നിയമങ്ങളുമാണ് ഇവ. മാത്രമല്ല ഇതു യഥാര്‍ഥത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതു കൊണ്ടു മാത്രം ഒരു സ്ത്രീയെ അപമാനിക്കുകയാണ് ചെയ്യുന്നത്. നിയമവാഴ്ച ഭരിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇതൊന്നും ഒരിക്കലും തുടരാന്‍ കഴിയില്ല.” കോടതി വ്യക്തമാക്കി.