IndiaNEWS

സംഘ്പരിവാര്‍ സദാചാര ഗുണ്ടായിസം ഡോക്ടര്‍മാര്‍ക്ക് നേരേയും; മംഗളൂരുവിൽ അഞ്ച് പേർ അറസ്റ്റിൽ

മംഗളൂരു:പുരുഷനേയും സ്ത്രീയേയും ഒരുമിച്ച്‌ കണ്ടാല്‍ മതം ചോദിച്ച്‌ ആക്രമിക്കുന്ന സംഘ്പരിവാര്‍ സദാചാര ഗുണ്ടായിസം  ഡോക്ടര്‍മാര്‍ക്ക് നേരേയും.മംഗളൂരുവിലാണ് സംഭവം.

അക്രമത്തിനിരയായ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ അഞ്ച് ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരെ കാര്‍ക്കള പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ നാല് ഡോക്ടര്‍മാരും രണ്ടു വനിത പ്രഫസര്‍മാരും സഞ്ചരിച്ച കാര്‍ തടഞ്ഞ സംഭവത്തില്‍ സന്തോഷ് നന്ദലികെ(32), കാര്‍ത്തിക് പൂജാരി (30), സുനില്‍ മല്ല്യ മിയാര്‍(35), സന്ദീപ് പൂജാരി മിയാര്‍(33), സുജിത് സഫലിഗ തെല്ലരു(31) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ശൃംഗേരിയില്‍ പോയി കുന്തല്‍പാടി വഴി മംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ഒരേ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച കാര്‍ കുദ്രെമുഖ് വനം അതിര്‍ത്തി മുതല്‍ അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു. കാര്‍ക്കള കുന്തല്‍പാടിയില്‍ എത്തിയപ്പോള്‍ കാര്‍ തടഞ്ഞ് മതം ചോദിച്ച്‌ തെറിവിളിക്കാനും കാറിലേക്ക് കൈ കടത്തി യാത്രക്കാരികളെ ഉപദ്രവിക്കാനും തുടങ്ങി. തുടർന്ന് ഡോക്ടർമാർ മൊബൈല്‍ ഫോണില്‍ പൊലീസ് സഹായം തേടി. കാര്‍ക്കള ഡിവൈ.എസ്.പി അരവിന്ദ് കള്ളഗുജ്ജെ, സര്‍ക്ക്ള്‍ ഇൻസ്പെക്ടര്‍ കെ.നാഗരാജ്, എസ്.ഐ സന്ദീപ് ഷെട്ടി എന്നിവര്‍ സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്.

Signature-ad

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പൊലീസ് ഓഫിസര്‍, മാധ്യമപ്രവര്‍ത്തകൻ എന്നിവര്‍ക്ക് നേരെ മതം ചോദിച്ചുള്ള സദാചാര ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് ഒരാഴ്ചക്കിടയില്‍ നടന്ന മൂന്നാമത്തെ ഈ അക്രമം. മംഗളൂരുവിലെ വെബ് പത്രം റിപ്പോര്‍ട്ടര്‍ അഭിജിത്ത് കഴിഞ്ഞ ദിവസം സദാചാര ഗുണ്ട അക്രമത്തിന് ഇരയായിരുന്നു.

Back to top button
error: