Health

പ്രമേഹം നിയന്ത്രിക്കാൻ കുറുക്കുവഴി, പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കൂ

   പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ഫ്രാന്‍സിലെ ഐഎസ്‌ഗ്ലോബലിലെയും ഇന്‍സേമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. രാവിലെ ഒന്‍പതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം അധികമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു ലക്ഷത്തിലധികം പേരെ ഏഴ് വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്.

എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോള്‍ കഴിക്കുന്നു എന്നതും പ്രമേഹത്തില്‍ നിര്‍ണായകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ നല്ലതല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇന്‍സുലിന്‍ തോതിനെയും ബാധിക്കുമെന്ന് ഐഎസ് ഗ്ലോബലിലെ ഗവേഷക അന്ന പാലോമര്‍ ക്രോസ് പറയുന്നു.

രാത്രി ഭക്ഷണം പത്ത് മണിക്ക് ശേഷം കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം അടിവരയിടുന്നു. ഒറ്റയടിക്ക് ഭക്ഷണം കഴിക്കാതെ ചെറിയ അളവില്‍ പല തവണ കഴിക്കുന്നത് (ദിവസം അഞ്ച് തവണ) പ്രമേഹസാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ പ്രഭാതഭക്ഷണവും നേരത്തെ രാത്രി ഭക്ഷണവും കഴിക്കുന്നവരില്‍ ദീര്‍ഘനേരത്തെ ഉപവാസം ഗുണം ചെയ്യുമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

Back to top button
error: