KeralaNEWS

മതസൗഹാര്‍ദത്തിന്‍റെ ഇളവറാംകുഴി മാതൃക

അഞ്ചല്‍: ക്ഷേത്രത്തിന്‍റെയും പള്ളിയുടെയും കാണിക്ക വഞ്ചികള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ നിര്‍മിതിയില്‍. ഇരു ആരാധനാലയങ്ങളുടെയും പേര് എഴുതിയിരിക്കുന്നതും ഒരു കമാനത്തില്‍.ഇതു മതസൗഹാര്‍ദത്തിന്‍റെ ഇളവറാംകുഴി മാതൃക.

മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ വ്യാജനിര്‍മിതികളും നുണക്കഥകളും അരങ്ങുവാഴുന്ന കാലത്താണ് അതിനെയെല്ലാം നിഷ്പ്രഭമാക്കി ഒരു ഗ്രാമം മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നത്.

അഞ്ചലിനടുത്ത് ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറക്ക് സമീപം ഇളവറാംകുഴിയെന്ന മലയോര ഗ്രാമവും അവിടത്തെ ജനങ്ങളുമാണ് രാജ്യത്തിനുതന്നെ മാതൃകയായി മാറിയിരിക്കുന്നത്.ഇവിടത്തെ പ്രസിദ്ധമായ ശിവപുരം മഹാദേവ ക്ഷേത്രവും മുസ്ലിം ജമാഅത്ത് പള്ളിയും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. പരസ്പര ബഹുമാനത്തോടും സൗഹൃദത്തോടും സ്നേഹത്തോടുമാണ് ഇരു ആരാധനാലയങ്ങളിലും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്നത്. കുംഭത്തിരുവാതിര ഉത്സവം, ശിവരാത്രി, റമദാൻ, പെരുന്നാള്‍ എന്നിവയെല്ലാം കാലങ്ങളായി ഇരു മത വിഭാഗങ്ങളിലുമുള്ളവര്‍ ചേര്‍ന്ന് ഒത്തൊരുമയോടെയാണ് ആചരിച്ചു പോരുന്നത്.

ഒരേ പാതക്ക് സമീപത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഒരു കമാനത്തില്‍തന്നെയാണ് അമ്ബലത്തിന്‍റെയും പള്ളിയുടേയും പേരുകള്‍ എഴുതിയിട്ടുള്ളത്. സ്ഥലവാസിയായ വ്യക്തി ഇരു ആരാധനാലയങ്ങള്‍ക്കും വേണ്ടി സൗജന്യമായി നല്‍കിയ വസ്തുവിലാണ് ഒറ്റ ഫൗണ്ടേഷനില്‍ തീര്‍ത്ത അമ്ബലത്തിന്‍റെയും പള്ളിയുടെയും നേര്‍ച്ചവഞ്ചികളുള്ളത്. വര്‍ഷങ്ങളായ പുലര്‍ത്തിവരുന്ന ഈ പാരമ്ബര്യം തലമുറകളിലൂടെ പുലര്‍ന്ന് പോകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് അമ്ബലം കമ്മിറ്റി ഭാരവാഹികളും ജമാഅത്ത് ഭാരവാഹികളും പറയുന്നു.

Back to top button
error: