പിടിച്ചു ഞാനവനെന്നെക്കെട്ടി! തത്തയെ രക്ഷിക്കാന്‍ പാറ കയറി യുവതി, തത്ത പറന്ന് താഴെയെത്തി; യുവതിയെ രക്ഷിക്കാന്‍ റെസ്ക്യൂ ടീം
സ്വന്തം വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഒരുപാട് സ്നേഹിക്കുന്നവരായിരിക്കും നമ്മള്. ചിലപ്പോള്‍ അവയ്ക്ക് എന്തെങ്കിലും പറ്റുമെന്ന അവസ്ഥ വന്നാല്‍ ഏതറ്റം വരെയും പോകാനും നാം തയ്യാറാവാറുണ്ട്. എന്നാല്‍, തന്റെ വളര്‍ത്തു തത്തയ്ക്ക് വേണ്ടി ഒരു യുവതി ചെയ്തത് കുറച്ച് കടന്ന കയ്യായിപ്പോയി എന്ന് പറയേണ്ടി വരും. മാത്രമല്ല, അവള് തന്നെ താനെടുത്ത ആ തീരുമാനത്തില്‍ പിന്നെ ദു:ഖിക്കുക കൂടി ചെയ്തിട്ടുണ്ടാവും.
സംഭവം ഇങ്ങനെ: വെയില്‍സില്‍ നിന്നുമുള്ള യുവതിയെയാണ് സ്വന്തം തത്ത പറ്റിച്ചത്. പാറകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു യുവതി. അവള്‍ക്കൊപ്പം വേറെയും അനേകം പേരുണ്ടായിരുന്നു. അവര്‍ക്കെല്ലാം വളര്‍ത്തു തത്തകളും. അങ്ങനെ വളര്‍ത്തുതത്തകളും ഉടമകളുമൊക്കെയായി അടിപൊളിയായി യാത്ര തുടരുന്നതിനിടയിലാണ് അത് സംഭവിച്ചത്.
എവിടെ നിന്നാണ് എന്ന് അറിയില്ല ഒരു കായല്‍പുള്ള് അങ്ങോട്ട് പറന്നുവന്നു. ഇത് തത്തകളെ പേടിപ്പിച്ചു. യുവതിയുടെ തത്ത പാറകള്‍ക്ക് മുകളിലേക്ക് പറന്നു പോയി. എന്നാല്‍, തത്തയെ പിന്തുടരാന് തന്നെ യുവതി തീരുമാനിച്ചു. അങ്ങനെ യുവതി തത്തയെ രക്ഷിക്കാനും തനിക്കൊപ്പം കൂട്ടാനും വേണ്ടി പാറ കേറി. എന്നാല്‍, അധികം വൈകാതെ തന്നെ തത്ത തിരികെ പറക്കുകയും യാത്ര നടത്തിയവരുടെ കൂട്ടത്തിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്തു.
തത്ത താഴെ എത്തിയെങ്കിലും തത്തയെ രക്ഷിക്കാന്‍ പോയ യുവതിയും അവരുടെ മറ്റൊരു പക്ഷിയും മുകളില്‍ കുടുങ്ങിപ്പോയി. അവസാനം അവര്‍ക്ക് താഴെ ഇറങ്ങാന്‍ റെസ്ക്യൂ ടീമിന്റെ സഹായം വേണ്ടി വന്നു. യുവതി റെസ്ക്യൂ ടീമിനെ ബന്ധപ്പെട്ടു. അവരെത്തിയാണ് ഒടുവില്‍ അവളെ താഴെ ഇറക്കിയത്.
ഏതായാലും, ഓഗ്വെന്‍ വാലി മൗണ്ടന്‍ റെസ്ക്യൂ ഓര്ഗനൈസേഷന് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ അടക്കം സംഭവം വിശദീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് ചിരിച്ചവരാണ് ഏറെയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?