കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു (എ വാസു-93) അറസ്റ്റില്‍. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും മെഡിക്കല്‍ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനാല്‍ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസുമായി ഇതുമായി ബന്ധപ്പെട്ട് എല്‍പി വാറണ്ട് നിലവിലുണ്ടായിരുന്നു. 10,000 രൂപ പിഴ അടയ്ക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു അേപാലീസിനോടു പറഞ്ഞു.
കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയാറായില്ല. മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണ കൂടത്തോടുള്ള പ്രതിഷേധം ആയതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.