CrimeNEWS

‘അന്‍പുള്ള ഡയറി’യില്‍നിന്ന് തുമ്പുണ്ട്! മുന്‍ മിസ് ആന്ധ്രയുടെ മരണത്തില്‍ കാമുകന്‍ പിടിയില്‍

ബംഗളൂരു: മുന്‍ മിസ് ആന്ധ്രയും മോഡലുമായ വിദ്യശ്രീയുടെ ആത്മഹത്യയില്‍, പ്രേരണാക്കുറ്റത്തിന് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 21 നാണ് വിദ്യശ്രീ (25) ചിക്കബനവറിനടുത്തുള്ള കെംപപുരയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. അമ്മ ത്രിവേണിക്കും സഹോദരന്‍ മനോജിനുമൊപ്പമായിരുന്നു വിദ്യശ്രീ താമസിച്ചിരുന്നത്. പിതാവ് ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

എംസിഎ ബിരുദക്കാരിയായ വിദ്യശ്രീ മോഡലിങ്ങിനു പുറമെ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരി കൂടിയായിരുന്നു. ബസവേശ്വര നഗറിലെ ജിംനേഷ്യത്തില്‍ പരിശീലകനായ അക്ഷയിനെ 2021 ലാണ് വിദ്യശ്രീ പരിചയപ്പെടുന്നത്. ഫെയ്‌സ്ബുക് വഴിയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. മാണ്ഡ്യ സ്വദേശിയായ അക്ഷയ് തന്റെ മാതാപിതാക്കളോടൊപ്പം കെങ്കേരിയിലേക്ക് മാറിയതാണ്.

Signature-ad

കൂടുതല്‍ അടുത്തതോടെ ഡേറ്റിങ് ആരംഭിച്ച കമിതാക്കള്‍ പലപ്പോഴായി വിനോദയാത്ര പോയിരുന്നു. കല്യാണം കഴിക്കാമെന്ന് ഇരുവരും ധാരണയിലെത്തി. ഇതിനിടെ വിദ്യശ്രീയില്‍നിന്നും അക്ഷയ് പണം കടം വാങ്ങുകയും ചെയ്തു. മൂന്ന് മാസം മുന്‍പ് അക്ഷയ് വിദ്യശ്രീയെ മനഃപൂര്‍വം ഒഴിവാക്കാന്‍ ആരംഭിച്ചു. അവള്‍ മരിച്ചാലും തനിക്കൊന്നുമില്ലെന്ന് പറയുകയും ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാതിരിക്കുകയും ചെയ്തു.

ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ആരംഭിച്ചത് വിദ്യശ്രീ പണം തിരികെ ചോദിച്ചതോടെയാണെന്ന് പോലീസ് പറയുന്നു. പലതവണ പണം തിരികെ ആവശ്യപ്പെട്ടതോടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കുമെന്ന് അക്ഷയ് ഭീഷണിപ്പെടുത്തി. വിദ്യശ്രീക്ക് അക്ഷയുമായുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.

വിദ്യശ്രീ സ്ഥിരമായി എഴുതിയിരുന്ന ഡയറിയില്‍നിന്നാണ് കുടുംബത്തിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. അക്ഷയ് ആണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വിദ്യശ്രീ ഡയറിയില്‍ കുറിച്ചിരുന്നു. 1.76 ലക്ഷം രൂപ തന്നില്‍നിന്ന് അക്ഷയ് വാങ്ങിയെന്നും വിദ്യശ്രീ എഴുതിയിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തുവച്ചു. താന്‍ ഏറെ വിഷാദത്തിലാണെന്നും ജീവിക്കേണ്ടെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ കുടുംബം ബുധനാഴ്ച പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ചയാണ് അക്ഷയ് പോലീസ് കസ്റ്റഡിയിലായത്.

 

Back to top button
error: