KeralaNEWS

ലഹരിയുടെ മാരക വിപത്തിനെതിരെ ബോധവൽക്കരണം, ഓട്ടൻ തുള്ളലുമായി ഏഴാം ക്ലാസ്സുകാരി നക്ഷത്ര

   ലഹരിക്കടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന അച്ഛനും യുവ ഡോക്ടറെ മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ അദ്ധ്യാപകനുമടക്കം പ്രായഭേദമില്ലാതെ സമൂഹത്തെ ഗ്രസിച്ച ലഹരിയുടെ മാരക വിപത്തിനെതിരെ പരിഹാസശരങ്ങൾ ഉയർത്തുകയാണ് പയ്യന്നൂർ എച്ചിലാം വയൽ സ്വദേശി നക്ഷത്ര പ്രമോദ് എന്ന 12 വയസുകാരി

ഒന്നിനുപിറകെ ഒന്നായി വരുന്ന ദുരന്തങ്ങളിൽ ലഹരിയുടെ സ്വാധീനം രേഖപ്പെടുത്തുന്ന ഈ കാലത്ത് കലയാണ് മികച്ച ആയുധമെന്ന് വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ ഏഴാം ക്ലാസ്സുകാരി തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്.

ലഹരിക്കെതിരെയുള്ള സർക്കാരിന്റെയും മറ്റ് കൂട്ടായ്മകളുടേയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഉത്തരവാദിത്വമാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് താൻ ഇങ്ങനെയൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ചതെന്ന് നക്ഷത്ര പറയുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26നായിരുന്നു ‘ലഹരിയിൽ പൊലിയുന്ന സ്വപ്നങ്ങൾ’ എന്ന പേരിൽ ആദ്യാവതരണം നടത്തിയത്. ക്ലബ്ബുകളും വായനശാലകളും ഉൾപ്പെടെ സംസ്ഥാനത്തുടനീളം നിരവധി കേന്ദ്രങ്ങളിൽ നിന്ന് നക്ഷത്രയ്ക്ക് ഓട്ടൻതുള്ളൽ അവതരണത്തിന് ക്ഷണം ലഭിക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി കൂടുതൽ വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നക്ഷത്ര.

പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ പയ്യന്നൂർ കൃഷ്ണൻകുട്ടിയുടെ ശിക്ഷണത്തിലാണ് ഈ മിടുക്കി തുള്ളൽ കല അഭ്യസിക്കുന്നത്. തോമസ് കേളംകൂർ, എ.വി.രഞ്ജിത്ത് എന്നിവരാണ് രചന. എച്ചിലാം വയലിലെ ടി.വി. പ്രമോദിന്റെയും പി.നിഷയുടെയും മകളായ നക്ഷത്ര വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

വിദ്യാർത്ഥിയായ പി.അഭിനവ് സഹോദരനാണ്.നക്ഷത്രങ്ങളുടെ കൂട്ടുകാരിപയ്യന്നൂർ ഏച്ചിലാംവയലിൽ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ സ്മാരക മോഡൽ പ്ലാനറ്റേറിയത്തിലെ മുഖ്യ അവതാരക കൂടിയാണ് നക്ഷത്ര.

സൗരയൂഥ കാഴ്‌ചകളിൽ തുടങ്ങി ഭൂമിയുടെ ഭ്രമണം, പരിക്രമണം, രാശിചക്രം, രാശി, ജന്മ നക്ഷത്രങ്ങൾ, സംക്രമം, ഞാറ്റുവേല തുടങ്ങി ജ്യോതിശാസ്‌ത്ര സംബന്ധിയായ വിഷയങ്ങൾ അനായാസം കൈകാര്യം ചെയ്യും നക്ഷത്ര.

കോളജുകൾ ഉൾപ്പെടെയുള്ള വിവിധയിടങ്ങളിലായി ഇതുവരെ ഇരുന്നൂറോളം ക്ലാസുകളാണ് നക്ഷത്ര പൂർത്തിയാക്കിയത്. പ്ലാനറ്റോറിയം ഡമോൺസ്‌ട്രേറ്റർ വെള്ളൂർ കെ.ഗംഗാധരനാണ് നക്ഷത്രയുടെ ഗുരു.

Back to top button
error: