മേയ് നാലിന് കുകി മേഖലയായ കാംഗ്‌പൊക്പി ജില്ലയിലായിരുന്നു സംഭവം.ഏതാനും യുവാക്കള്‍ ചേര്‍ന്നു രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.
ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ഭാര്യയായിരുന്നു.അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളുടെ സഹോദനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയും ഇയാളുടെ വെട്ടിയെടുത്ത തല ഗ്രാമത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നടത്തിക്കുന്നതിന്‍റെ വീഡിയോ പുറത്തായതോടെയാണ് പോലീസ് കേസെടുത്തത്.സംഭവം നടന്ന് രണ്ടു മാസങ്ങൾക്ക് ശേഷമായിരുന്നു ഇത്.മുഖ്യപ്രതി ഹുയിറെം ഹെരൊദാസ് മെയ്തി (32) അടക്കം ഏഴൂപേരെയാണ് പോലീസ് പിടികൂടിയത്.ഇയാൾ രോഹിങ്ക്യൻ മുസ്ലിം ആണെന്ന രീതിയിലായിരുന്നു ആദ്യഘട്ടത്തിൽ പ്രചാരണം.
അതിനിടെ, സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്ത കേസ് മണിപ്പുരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു.സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വ്യാഴാഴ്ച രാത്രി സത്യവാംഗ്മൂലം സമര്‍പ്പിച്ചത്.